pmay

സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരെ സംബന്ധിച്ച്‌ വീട് എന്നത് വെറും സ്വപ്നം മാത്രമാണ്. അത്തരക്കാരെ സഹായിക്കാനാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കൊണ്ടുവന്നത്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതി സാധാരണക്കാർക്ക് വലിയൊരു പ്രതീക്ഷയാണ് നൽകുന്നത്.

'എല്ലാവര്‍ക്കും ഭവനം" എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയില്‍ കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുമുണ്ട്. എന്നാൽ കേരളത്തിൽ അർഹരായ എല്ലാവർക്കും ഇതിന്റെ ആനൂകൂല്യം ലഭിക്കുന്നുണ്ടോ?

മിക്കപ്പോഴും അപേക്ഷയുമായി ചെല്ലുമ്പോൾ അത്തരമൊരു പദ്ധതിയെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന മറുപടിയായിരിക്കും ബാങ്ക് മാനേജരുടെ ഭാഗത്ത് നിന്ന് കിട്ടുക. ഈ ആരോപണത്തിൽ വാസ്തവമുണ്ടെന്ന് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയും സമ്മതിക്കുന്നു. ഇങ്ങനെയൊരു അവസ്ഥയ്ക്കുള്ള പ്രധാന കാരണം ചില മാനേജർമാരുടെ അറിവില്ലായ്മയാണ്. പൊതുവെ സർക്കാർ സബ്സിഡികൾ ദുർബലവിഭാഗങ്ങൾക്ക് മാത്രമുള്ളതാണെന്ന ധാരണയും വില്ലനാകാറുണ്ട്.

ഓൺലൈൻ അപേക്ഷ നൽകേണ്ട ഉത്തരവാദിത്തം ബാങ്ക് ശാഖയ്ക്കാണ്. 87ഓളം ഡാറ്റകൾ ഇതിനായി ഓൺലൈനിൽ നൽകണം. ഇത്തരത്തിൽ ഒരു ഉപഭോക്താവിനായി തന്നെ മണിക്കൂറുകളോളം സമയം നീക്കിവയ്ക്കേണ്ടി വരും. ഇതിനുള്ള മടിയും ഗുണഭോക്താക്കളെ മടക്കി അയക്കാൻ കാരണമാകാറുണ്ട്.

നിബന്ധനകൾ അനുസരിച്ച് നിങ്ങൾക്ക് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ ബാങ്കിനെ സമീപിക്കുക. എന്നിട്ട് അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ചുമതലയുള്ള കുടുംബശ്രീയിൽ വിഷയം ഉന്നയിക്കാം. ബാങ്കിൻറെ തന്നെ ഉന്നത ഉദ്യോഗസ്ഥരെയോ സംസ്ഥാന ബാങ്കേഴ്സ് കമ്മിക്കും പരാതിപ്പെടാം.

അതുമല്ലെങ്കിൽ ഹഡ്കോയോട് പരാതിപ്പെടാം (ഹഡ്കോ,​ മൂന്നാം നില,​സാഫല്യം കോംപ്ലക്സ്,​ പാളയം,​തിരുവനന്തപുരം,​ ഫോൺ​ 0471-2339746​- 47)​. കുറച്ച് കഷ്ടപ്പെടേണ്ടിവന്നാലും ആറ് ലക്ഷം രൂപയുടെ വായ്പത്തുകയിൽ ആനുകൂല്യം ലഭിക്കുന്ന ഒരാളുടെ മാസ ഗഡു 6200ൽ നിന്ന് 3800 രൂപയാകും.