കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിലെ തെരുവരങ്ങ് കാണാനെത്തിയവർ ഇന്നലെ അൽപ്പനേരം ശ്വാസമടക്കി ഇരുന്നുപോയി. പി .ജെ .ആന്റണി മെമ്മോറിയൽ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന തെരുവരങ്ങ് തെരുവ് അവതരണങ്ങളുടെ ഭാഗമായി തെരുവു മാജിക് കലാകാരനായ ചെർപ്പുളശ്ശേരി ഷംസുദ്ദീൻ അവതരിപ്പിച്ച മാംഗോ ട്രീ എന്ന തെരുവുമാജിക്കാണ് കാണികളെ വിസ്മയഭരിതരാക്കിയത്.
ഷംസുദ്ദീൻ ഒരു ചെടിച്ചെട്ടിയിൽ നിക്ഷേപിച്ച മാങ്ങയണ്ടി ഒരു കുട്ടയിട്ടു മൂടി അൽപ്പസമയം കഴിഞ്ഞു നോക്കുമ്പോൾ മാവിൻ തൈ ആയി മുളച്ചു വന്നിരിക്കുന്നതും പിന്നെയും മൂടി അൽപ്പസമയത്തിനുള്ളിൽത്തന്നെ തുറന്നു നോക്കുമ്പോൾ അത് ചെറിയൊരു മാവായി വളർന്ന് മാങ്ങകൾ കായ്ചു കിടക്കുന്നതും കണ്ട് കാണികൾ കൈയ്യടിച്ചു. എറണാകുളം സി ഫോർ കാർട്ട് അവതരിപ്പിച്ച ചാപ്ലിൻ, കൊൽക്കൊത്ത ആൾട്ടർനേറ്റീവ് ലിവിംഗ് തിയറ്ററിന്റെ ആൻ ആക്ഷൻ എന്നിവയും പബ്ലിക് ലൈബ്രറി അങ്കണത്തിൽ അരങ്ങേറി.
എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ഇന്ന് വെെകീട്ട് ആറിന് ജനരംഗവേദിയുടെ കരിരാവണം (രചന, സംവിധാനം സ്വപ്‌നേഷ് ബാബു), എറണാകുളം പേസിന്റെ വറുത്ത മീൻ (രചന പി. കെ. ശെൽവരാജ്, സംവിധാനം ശ്യാം), കോട്ടയ്ക്കൽ ലിറ്റിൽ എർത്ത് തീയറ്ററിന്റെ മാർത്താണ്ഡന്റെ സ്വപ്‌നങ്ങൾ (രചന തുപ്പേട്ടൻ, സംവിധാനം അരുൺലാൽ) എന്നിവ അരങ്ങേറും.