ന്യൂയോർക്ക്:പാകിസ്ഥാൻ ഭീകരന് പെൻഷൻ നൽകുന്ന ലോകത്തെ ഏക രാജ്യമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തോക്ക് കച്ചവടക്കാരന്റെ ഭാഷയാണെന്നും ഇന്ത്യ യു. എൻ പൊതുസഭയിൽ തുറന്നടിച്ചു.
കഴിഞ്ഞദിവസം പൊതുസഭയിൽ കാശ്‌മീർ പ്രശ്നത്തിൽ ഇമ്രാൻ ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇന്ത്യൻ വിദേശമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയാണ് എണ്ണിയെണ്ണി മറുപടി പറഞ്ഞത്.
ഭീകരപ്രവർത്തനത്തിന്റെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാൻ. ഭീകരപ്രവർത്തനം കുത്തക വ്യവസായമാക്കിയ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ഐക്യരാഷ്‌ട്ര സഭയെ പോലും ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളാണ് നടത്തിയത്. വിദ്വേഷ പ്രസംഗമായിരുന്നു അത്. യു.എൻ പൊതുസഭ മുമ്പെങ്ങും ഇതുപോലെ അപമാനിക്കപ്പെട്ടിട്ടില്ല. വംശഹത്യ, രക്തച്ചൊരിച്ചിൽ, വംശീയാധിപത്യം, തോക്കെടുക്കുക, അന്ത്യം വരെ പോരാടും തുടങ്ങിയ ഇമ്രാന്റെ വാക്കുകൾ മദ്ധ്യകാല മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നത്. അത് 21ാം നൂറ്റാണ്ടിന്റെ ദർശനമല്ല. ആണവായുധ സർവനാശം എന്ന ഇമ്രാന്റെ ഭീഷണി രാജ്യതന്ത്രജ്ഞന്റേതല്ല, പ്രശ്‌നത്തെ യുദ്ധത്തിന്റെ വക്കോളം എത്തിച്ചയാളിന്റേതാണ്. മാന്യന്മാരുടെ ഗെയിം എന്ന് കരുതുന്ന ക്രിക്കറ്റ് കളിച്ചിരുന്ന ഇമ്രാന്റെ പ്രസംഗം പാകിസ്ഥാനിലെ കുപ്രസിദ്ധമായ തോക്ക് വ്യാപാര കേന്ദ്രമായ
ദാരാ ആദം ഖേലിലെ തോക്ക് കച്ചവടക്കാരനെയാണ് ഓമ്മിപ്പിച്ചത്.
പാകിസ്ഥാനോട് വിദിശയുടെ അഞ്ച് ചോദ്യങ്ങൾ
1.ഐക്യരാഷ്‌ട്ര സഭയുടെ ഭീകര പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാകിസ്ഥാനിൽ ഇല്ലെന്ന് പറയാമോ?
2. ഭീകരഗ്രൂപ്പായ അൽ ക്വ ഇദയ്‌ക്കെതിരായ ഉപരോധത്തിൽ ഉൾപ്പെടുത്തിയ ഭീകരന് പെൻഷൻ നൽകുന്ന ലോകത്തെ ഏക രാജ്യം പാകിസ്ഥാൻ അല്ലേ?
3. ന്യൂയോർക്കിലെ പ്രമുഖ പാക് ബാങ്കായ ഹബീബ് ബാങ്ക് ഭീകരർക്ക് ധനസഹായം നൽകിയതിന് ദശലക്ഷക്കണക്കിന് ഡോളർ പിഴ ഈടാക്കിയതിനെ തുടർന്ന് അടച്ചു പൂട്ടിയില്ലേ?
4. ഭീകരർക്ക് ധനസഹായം നൽകുന്നതിനെതിരായ 27 മാർഗ്ഗരേഖകളിൽ ഇരുപതും ലംഘിച്ചതിന് ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തിയില്ലേ?
5. ഒസാമ ബിൻലാദനെ താങ്കൾ പരസ്യമായി അനുകൂലിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് നഗരത്തോട് പറയാമോ ?