കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഫ്രഞ്ച് പ്രസിഡന്റ് ഴാക്ക് ചിറാക്കിന് 'ആദരമർപ്പിക്കാൻ' 'പശുതല'കൾ തേടി ഫ്രഞ്ച് ജനങ്ങൾ. വെള്ളിയാഴ്ചയാണ് ഴാക്ക് ചിറാക്ക് മരണമടഞ്ഞത്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ഒരു ഫ്രഞ്ച് വിഭവമാണ് പശുക്കിടാവിന്റെ തല(കാവ്സ് ഹെഡ്) അഥവാ 'ടെറ്റ് ദി വൂ'. ഫ്രാൻസിൽ വളരെ സാധാരണമായി കാണാറുള്ള ഈ വിഭവം 'സിംപ്ല'നായ പ്രസിഡന്റ് ഏതാണ്ട് സ്ഥിരമായി കഴിച്ചിരുന്നു. അതിനാലാണ് അദ്ദേഹത്തിന് ആദരം അർപ്പിക്കുന്നവരായി ജനങ്ങൾ ഈ മാർഗം തിരഞ്ഞെടുത്തത്. ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട പ്രസിഡന്റായിരുന്ന ചിറാക്ക് ലളിത ജീവിതവും, സാധാരണമായ നാടൻ ഭക്ഷണവും ഇഷ്ടപ്പെട്ടുന്ന ആളായിരുന്നു.
അതുകൊണ്ട് തന്നെയാണ് ഫ്രഞ്ചുകാർ തങ്ങളുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം ദർശിച്ചതിന് ശേഷം റെസ്റ്റോറന്റുകളിലേക്ക് നീങ്ങിയത്. 'പശുകിടാവിന്റെ തല(' പ്രധാനമായും തിളച്ച വെള്ളത്തിലാണ് പാകം ചെയ്‌തെടുക്കുന്നത്. പശുതലയിലെ എല്ലുകൾ നീക്കം ചെയ്ത ശേഷം അത് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇടുകയാണ് ചെയ്യുക. ഇതിനൊപ്പം ഉപ്പും, പച്ചക്കറികളും മറ്റ് ചേരുവകളും തരംപോലെ ചേർക്കുകയും ചെയ്യും. ഫ്രാൻസിലെ കർഷകർക്കിടയിൽ 'പശുതല'യുടെ അംബാസഡർ എന്നാണ് വെള്ളിയാഴ്ച അന്തരിച്ച മുൻ പ്രസിഡന്റ് അറിയപ്പെടുന്നത്.