kashmir-

ശ്രീനഗർ: ജമ്മു കശ്മീരിലെ രംബാൻ ജില്ലയിലെ ബതോതിൽ ഭീകരർ ബന്ദിയാക്കിയയാളെ സംയുക്തസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചു. സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട് ഭീകരർക്കുവേണ്ടി രാത്രിവൈകിയും തിരച്ചിൽ തുടരുകയാണ്. ബതോതിൽ അഞ്ച് പേരടങ്ങുന്ന ഭീകരസംഘം ഒരു വീട്ടിൽ കയറി ഗൃഹനാഥനെ ബന്ദിയാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടു. അഞ്ച് ഭീകരരിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ വാർത്താ ഏജൻസിയായ എ.എൻ.ഐ യുടെ ട്രൈപ്പോഡിന് വെടിയേറ്റു.

ജമ്മുകാശ്മീരിലെ വിവിധയിടങ്ങളിൽ ഇന്നലെ രാവിലെ മുതൽ ഭീകരാക്രമണം നടക്കുകയായിരുന്നു. ബതോതിൽ സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരർ യാത്രാ ബസ് തടയാൻ ശ്രമിച്ചതിനെത്തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മു-ശ്രീനഗർ ഹൈവേയിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ബസ് നിറുത്താതെ രക്ഷപ്പെട്ട ഡ്രൈവർ സംഭവം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്തത് സൈന്യത്തിന് തിരിച്ചടിയായി. ഗണ്ടേർബാലിലും ഏറ്റുമുട്ടലുണ്ടായി. ഇവിടെനിന്ന് വൻ ആയുധശേഖരം കണ്ടെടുത്തതായാണ് വിവരം. ശ്രീനഗറിലെ ജനവാസ മേഖലയിലായിരുന്നു ഗ്രനേഡ് ആക്രമണം. സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഇവിടെ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.