sikh-police-

ടെക്സാസ്: അമേരിക്കൻ പൊലീസിലെ ചിരിച്ച മുഖമുള്ള ആ സിക്ക് തലപ്പാവ് ഇനിയില്ല. ആദ്യമായി സിക്ക് തലപ്പാവ് ധരിച്ച് അമേരിക്കൻ പൊലീസിന്റെ ഭാഗമായ ഇന്ത്യൻ അമേരിക്കൻ സിക്ക് പൊലീസ് ഉദ്യോഗസ്ഥൻ സന്ദീപ് സിംഗ് ദാലിവാൾ (42)​ ടെക്സാസിൽ വെടിയേറ്റ് മരിച്ചു. ടെക്സാസിലെ ഡെപ്യൂട്ടി പൊലീസ് ഓഫീസറായിരുന്നു സന്ദീപ്. വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് വാഹനപരിശോധനയ്ക്കിടെ ഒരു കാർ യാത്രികൻ അദ്ദേഹത്തിന് നേരെ നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. ടെക്സാസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്റ്റോപ്പിൽ വച്ചായിരുന്നു സംഭവം. പൊലീസുകാരനെതിരെ നടന്നത് ക്രൂരവും ഭീകരവുമായ വെടിവയ്പാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന സന്ദീപ് ഒരു കാർ തടയുകയും തുടർന്ന് അതിൽ ഒളിച്ചിരുന്ന റോബർട്ട് സോളിസ് (47)​എന്നയാൾ അദ്ദേഹത്തെ രണ്ടുതവണ വെടിവയ്ക്കുകയുമായിരുന്നു. വെടിവച്ച ശേഷം യാത്രകാരനും ഒപ്പമുണ്ടായിരുന്ന യുവതിയും അടുത്തുള്ള ഷോപ്പിംഗ് സെന്ററിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇരുവരെയും കസ്റ്റഡിയിൽ എടുത്തെന്നുമാണ് റിപ്പോർട്ടുകൾ. സന്ദീപ് ദാലിവാളിന്റെ ഡാഷ്‌ ക്യാം വീഡിയോ കണ്ടാണ് അക്രമിയെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞത്. ഇയാൾ ഓടിച്ചിരുന്ന വാഹനം കണ്ടെത്തിയതായും കേസിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഡിപ്പാർട്ട്മെന്റിൽ പത്തുവർഷത്തെ പരിചയസമ്പന്നനായ സന്ദീപ് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. സന്ദീപിന്റെ മരണത്തിൽ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. വിദേശത്ത് സിക്ക് സമൂഹത്തെ അഭിമാനത്തോടെ പ്രതിനിധീകരിച്ചിരുന്ന ആളാണ് സന്ദീപെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.