ന്യൂഡൽഹി: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിക്കാനിരിക്കുന്ന മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനുള്ള സമിതിക്ക് സുപ്രീം കോടതി രൂപം നൽകി. കേരള ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെയാണ് രൂപീകരിച്ചത്. കേസിലെ സർക്കാർ ഉൾപ്പെടെയുള്ള വിവിധ കക്ഷികളോട് സമിതിയുടെ അദ്ധ്യക്ഷനാക്കേണ്ട റിട്ട.ജസ്റ്റിസിന്റെ പേര് നിർദേശിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരാണ് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ പേര് സുപ്രീം കോടതിക്ക് കൈമാറിയത്. ഇത് ഇന്ന് കോടതി അംഗീകരിക്കുകയായിരുന്നു.
മരടിലെ ഫ്ലാറ്റുടമകൾക്ക് താത്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നാലാഴ്ചയ്ക്കുള്ളിൽ നൽകാൻ സുപ്രീംകോടതി ഇന്നലെ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടിരുന്നു. ഈ പണം പിന്നീട് ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും പ്രൊമോട്ടർമാരിൽ നിന്നും ഈടാക്കാമെന്നാണ് ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഫ്ലാറ്റുകളുടെ മൂല്യം നിശ്ചയിച്ച് ബാക്കി നഷ്ടപരിഹാരം തീരുമാനിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ഉൾപ്പെട്ട സമിതിയെയും നിയമിക്കുമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.
കേസിൽ ബിൽഡർമാർക്കും പ്രൊമോട്ടർമാർക്കും നോട്ടീസ് അയച്ചിരുന്നു. നിർമ്മാതാക്കളുടെയും പാർട്ണർമാരുടെയും ഡയറക്ടർമാരുടേതുമടക്കമുള്ള സ്വത്തുവിവരങ്ങളും തേടി. സ്വത്തുക്കൾ കണ്ടുകെട്ടാനും സർക്കാരിന് അവകാശമുണ്ട്. പരിസ്ഥിതി ദുർബല പ്രദേശത്ത് നിർമ്മാണാനുമതി നൽകിയ പഞ്ചായത്തിലെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പങ്കും സമിതി അന്വേഷിക്കും.