തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരൻ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് കുമ്മനം രാജശേഖരൻ സമ്മതമറിയിച്ചിട്ടുണ്ടെന്നും ഒ.രാജഗോപാൽ അറിയിച്ചു. നാളെ മുതൽ കുമ്മനം പ്രചാരണത്തിനിറങ്ങുമെന്നും രാജഗോപാൽ പറഞ്ഞു. 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം തന്നെ 2019 ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് രാജഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. 2016ൽ കുമ്മനം രണ്ടാം സ്ഥാനത്തായിരുന്നു. വലിയ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
ബി.ജെ.പി പ്രധാന മണ്ഡലങ്ങളിൽ ഒന്നായി കരുതുന്ന വട്ടിയൂർക്കാവിൽ ആരാകും സ്ഥാനാർത്ഥിയെന്ന ചർച്ച രണ്ടുമാസമായി പാർട്ടിയിൽ സജീവമായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും ഒരു തീരുമാനത്തിലെത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിരുന്നില്ല. ഇതിനിടെ എൽ.ഡി.എഫും യു.ഡി.എഫും തങ്ങളുടെ പ്രചരണവുമായി മുന്നോട്ട് പോയപ്പോഴും ബി.ജെ.പി ആശയക്കുഴപ്പത്തിലായിരുന്നു. ഈയൊരു അവസരത്തിലാണ് ബി.ജെ.പി എം.എൽ.എയായ ഒ.രാജഗോപാൽ തന്നെ വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചുകൊണ്ടുള്ള പട്ടിക തയാറാക്കുകയെന്നതാണ് ബി.ജെ.പിയുടെ ഔദ്യോഗിക കടമ്പ. എന്നാൽ കോന്നി അടക്കമുള്ള മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇപ്പോഴും ആശങ്ക തുടരുന്നുണ്ട്. കോന്നിയിൽ കെ.സുരേന്ദ്രന്റെ പേരാണ് പറഞ്ഞു കേൾക്കുന്നത്.