മുംബയ്: ചെന്നൈ ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കായ ലക്ഷ്‌മി വിലാസ് ബാങ്കിനെതിരെ റിസർവ് ബാങ്ക് പ്രോംപ്‌റ്റ് കറക്‌റ്റീവ് ആക്‌ഷൻ (പി.സി.എ) ശിക്ഷാനടപടി സ്വീകരിച്ചു. കിട്ടാക്കട (എൻ.പി.എ) വർദ്ധനയും പ്രതിസന്ധി തരണം ചെയ്യാനുള്ള പണത്തിലെ കുറവും (കാപ്പിറ്റൽ ടു റിസ്‌ക്-വെയ്‌റ്റഡ് അസറ്റ് റേഷ്യോ- സി.ആർ.എആർ), ആസ്‌തികളിന്മേൽ കഴിഞ്ഞ രണ്ടുവർഷമായുള്ള നെഗറ്റീവ് റിട്ടേണുമാണ് കാരണം.
ബാങ്കിന്റെ ഡയറക്‌ടർമാർക്കെതിരെ വിവിധ ഏജൻസികളുടെ അന്വേഷണങ്ങൾ നടക്കുന്നതും പി.സി.എ കുരുക്കിന് വഴിതെളിച്ചു. പ്രതിസന്ധിയിലുള്ള ബാങ്കുകളെ നേർവഴിക്ക് കൊണ്ടുവരാനുള്ള റിസർവ് ബാങ്കിന്റെ കഠിന നടപടിയാണ് പി.സി.എ. ഇതിലുൾപ്പെട്ട ബാങ്കുകൾക്ക് കോർപ്പറേറ്റ് വായ്‌പകൾ, ലാഭവിഹിതം എന്നിവ നൽകാനോ പുതിയ ശാഖകൾ തുറക്കാനോ കഴിയില്ല. എന്നാൽ, നിക്ഷേപം സ്വീകരിക്കാനും തിരിച്ചുനൽകാനും കഴിയും.
കഴിഞ്ഞ സാമ്പത്തിക വർഷം 2018-19ൽ ബാങ്കിന്റെ നഷ്‌ടം 584.87 കോടി രൂപയിൽ നിന്ന് 894.10 കോടി രൂപയായി വർദ്ധിച്ചിരുന്നു. മൂലധന പര്യാപ്‌തതാ അനുപാതം (സി.എ.ആർ) ഈവർഷം ജൂണിൽ 9.45 ശതമാനത്തിൽ നിന്ന് 6.46 ശതമാനമായി കുറഞ്ഞു. റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം ഇത് എട്ട് ശതമാനം വേണം. നെഗറ്റീവ് 2.32 ശതമാനമാണ് ആസ്‌തികളിന്മേലുള്ള റിട്ടേൺ. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) മാർച്ചിലെ 15.30 ശതമാനത്തിൽ നിന്ന് ജൂണിൽ 17.30 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 5.96 ശതമാനത്തിൽ നിന്ന് 8.30 ശതമാനമായും വർദ്ധിച്ചു.
അന്വേഷണവും മുന്നോട്ട്
ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ഡയറക്‌ടർമാർക്കെതിരെ ഡൽഹി പൊലീസിന്റെ എക്കണോമിക് ഒഫൻസസ് വിംഗിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ്, റിസർവ് ബാങ്ക് പി.സി.എ നടപടി. ധനകാര്യ സ്ഥാപനമായ റെലിഗെയർ ഫിൻവെസ്‌റ്റിന്റെ പരാതി പ്രകാരമാണ് ഡൽഹി പൊലീസിന്റെ അന്വേഷണം. റെലിഗെയറിന്റെ 790 കോടി രൂപയുടെ സ്ഥിരനിക്ഷേപം ബാങ്ക്, ചട്ടവിരുദ്ധമായി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് ആരോപണം.
ലയനം തുലാസിൽ
ഇന്ത്യ ബുൾസുമായുള്ള ലയനത്തിന് കഴിഞ്ഞ ഏപ്രിലിൽ ലക്ഷ്‌മി വിലാസ് ബാങ്കിന്റെ ഡയറക്‌ടർ ബോർഡ് അനുമതി നൽകിയിരുന്നു. ലയനശേഷം ബാങ്ക്, ഇന്ത്യാ ബുൾസ് ലക്ഷ്‌മി വിലാസ് ബാങ്ക് എന്നറിയപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു. പി.സി.എ നടപടിയും പൊലീസ് അന്വേഷണവും ലയനത്തെ തുലാസിലാക്കിയിട്ടുണ്ട്.
പി.സി.എയിൽ
വേറെയും ബാങ്കുകൾ
യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, യൂകോ ബാങ്ക് എന്നിവയും പി.സി.എ നടപടി നേരിടുകയാണ്.