salve-

മരിക്കുന്നതിന് ഏകദേശം ഒരുമണിക്കൂർ മുമ്പായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് ആറിന് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയ്ക്ക് മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഫോൺകാൾ. ''നാളെ വൈകുന്നേരം ആറ് മണിക്ക് വീട്ടിലേക്ക് വരൂ, വിലപ്പെട്ട ഒരു രൂപ ഫീസ് നിങ്ങളെ കാത്തിരിക്കുന്നു"- എന്നായിരുന്നു സന്തോഷവും അഭിമാനവും നിറഞ്ഞ ആ ഫോൺകാളിന്റെ ഉള്ളടക്കം. കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചതിന്റെ നന്ദിപ്രകടനമായിരുന്നു അത്. ഒരു രൂപ വാങ്ങാൻ താനെത്തുമെന്ന് സാൽവെ സുഷമയ്ക്ക് ഉറപ്പും നൽകിയിരുന്നു. എന്നാൽ, ആ ഒരു രൂപ കൊടുക്കാൻ സുഷമ കാത്തുനിന്നില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് രാത്രി 11ഓടെ അവർ മരിച്ചു. എന്നാൽ, തന്റെ അമ്മ അന്ന് കൊടുക്കാമെന്നേറ്റ ആ ഒരു രൂപ ഹരീഷ് സാൽവെയ നേരിൽ കണ്ട് കൊടുത്തിരിക്കുകയാണ് മകൾ ബാംസുരി. സുഷമയുടെ ഭർത്താവും മിസോറാം മുൻ ഗവർണറുമായ സ്വരാജ് കൗശലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

''നിന്റെ മകൾ ബാംസുരി നിന്റെ അവസാനത്തെ ആഗ്രഹം സാധിപ്പിച്ചു. നീ കൊടുക്കാമെന്നേറ്റ ആ ഒരു രൂപ ഇന്നവൾ ഹരീഷ് സാൽവയെ കണ്ട് നൽകി."- എന്നായിരുന്നു സ്വരാജിന്റെ വികാരനിർഭരമായ ട്വീറ്റ്. വളരെ വൈകാരികമായാണ് രാത്രി 8.50 ഓടെ വിളിച്ചപ്പോൾ സുഷമ സംസാരിച്ചതെന്ന് അവരുടെ നിര്യാണത്തെ തുടർന്ന് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാൽവെ വ്യക്തമാക്കിയിരുന്നു.