കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നിൽ പി.ജെ. ജോസഫാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം സ്വന്തം മുന്നണിയെ ജോസഫ് ഒറ്റുകൊടുത്തുവെന്നും സ്ഥാനാർത്ഥി നിർണയ അവകാശം ജോസ് കെ.മാണിക്കാണെന്ന് യു.ഡി.എഫ് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ജോസഫ് വിഭാഗം പുറത്തുവിട്ട് സന്ദേശമാണ് തോൽവിക്ക് കാരണമായതെന്ന് ജോസ് ടോം ആരോപിച്ചു.
ജോസഫിന്റെ അജണ്ടയാണ് നടപ്പിലാക്കിയത്. ഒരു എം.എൽ.എ കൂടിയാൽ പാർട്ടിയിൽ ജോസ് കെ. മാണി വിഭാഗത്തിന് മേൽക്കൈ ഉണ്ടാകും. ഇത് തടയാനാണ് ജോസഫ് ശ്രമിച്ചതെന്നും ജോസ് ടോം ആരോപിച്ചു. പാലായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ജോസ് ടോം ജോസഫിനെ പരസ്യമായി വിമർശിച്ചത്.
പി.ജെ.ജോസഫിനോട് രണ്ടില ചിഹ്നം ചോദിച്ചിരുന്നു. ചിഹ്നം തരാത്തതിനാലാണ് സ്വതന്ത്രനായി മത്സരിച്ചത്. ജോസഫ് വിഭാഗം നേതാക്കളിൽ പലരും പ്രചാരണത്തിൽ പങ്കെടുത്തില്ല. ജോയ് എബ്രാമിന്റെ പ്രസ്താവനകൾ പ്രശ്‌നങ്ങളുണ്ടാക്കി. ജോസഫിന് അത് നിയന്ത്രിക്കാമായിരുന്നുവെന്നും ജോസ് ടോം പറഞ്ഞു. താൻ സഭാ വിശ്വാസിയല്ലെന്നും പള്ളിയിൽ പോകില്ലെന്നും പറഞ്ഞ് നോട്ടീസിറക്കിയതും ജോസഫ് വിഭാഗം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പരാജയപ്പെട്ടപ്പോൾ പി.ജെ. ജോസഫ് ചിരിച്ചുകൊണ്ടും സന്തോഷത്തോടെയുമാണ് മാദ്ധ്യമങ്ങളുടെ മുന്നിലെത്തിയത്. യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ.ജോസഫിനെ ആളുകൾ കൂവിയപ്പോൾ ജോസ് കെ.മാണി അപ്പോൾ തന്നെ പ്രവർത്തകർക്ക് താക്കീത് നല്‍കിയിരുന്നു. പി.ജെ.ജോസഫ് തന്റെ നേതാവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം താൻചിഹ്നം നൽകാത്തതാണ് തോൽവിക്ക് കാരണമെന്നത് തെറ്റായ വാദമാണെന്നും ഭരണഘടനാപരമായി ചിഹ്നം ചോദിച്ചിരുന്നെങ്കിൽ നൽകുമായിരുന്നുവെന്നും പി.ജെ. ജോസഫ് പറഞ്ഞു.