ins-

മുംബയ്: സ്കോർപീൻ ക്ലാസ് അന്തർവാഹിനി കപ്പലുകളിൽ രണ്ടാമത്തേതായ ഐ.എൻ.എസ് ഖണ്ഡേരി നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കമ്മിഷൻ ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത് ഇതോടെ ഇന്ത്യൻ നാവികസേനയുടെ കരുത്ത് എന്താണെന്ന് പാകിസ്ഥാൻ മനസിലാക്കണം എന്നാണ്. ഐ.എൻ.എസ് കൽവരിക്ക് ശേഷം ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്ന ഐ.എൻ.എസ് ഖണ്ഡേരി ഇന്ത്യൻ നാവികസേനയുടെ മാരക പ്രഹരശേഷിയുള്ള അന്തർവാഹിനികളിൽ ഒന്നാണ്. മുംബയ് പശ്ചിമ നാവികസേന ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഈ അന്തർവാഹിനി കമ്മിഷൻ ചെയ്തത്. നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിംഗ് ചടങ്ങിൽ സാന്നിഹിതനായി.

 വെള്ളത്തിനടിയിൽ വച്ചും ജലോപരിതലത്തിൽവച്ചും ആക്രമണം നടത്താനുള്ള ശേഷി

 ശത്രുവിന്റെ അന്തർവാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ശേഖരിക്കൽ, മൈനുകൾ നിക്ഷേപിക്കൽ, നിരീക്ഷണം എന്നിവ മുഖ്യം

 ഛത്രപതി ശിവാജിയുടെ മറാത്താ സാമ്രാജ്യത്തിന്റെ ശക്തമായ ദ്വീപ് കോട്ടകളിലൊന്നായിരുന്ന ഖണ്ഡേരിയുടെ പേര് (അറബിക്കടലിൽ കാണപ്പെടുന്ന വളരെ താഴേത്തട്ടിലിറങ്ങി ഇരപിടിക്കുന്ന കണ്ണേലി എന്ന മത്സ്യത്തിന്റെ പേരിനോടും ഇതിന് സാമ്യമുണ്ട്.)

 കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിർവഹണത്തിനുള്ള കാര്യശേഷി

 കപ്പൽ നശീകരണ ബോംബ്, മിസൈൽ എന്നിവ സുസജ്ജം

 അതികഠിനമായ താപനിലയിലും പ്രവർത്തിക്കും

 ഡീസൽ-വൈദ്യുത എൻജിനിൽ പ്രവർത്തിക്കുന്നു

 ആദ്യം കാൽവരി, പിന്നെ ഖണ്ഡേരി

കടലിനടിയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് കൽവരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകൾ. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസ് ആണ് നാവികസേനയ്ക്കായി അന്തർവാഹിനികൾ നിർമ്മിക്കുന്നത്. ആറ് അന്തർവാഹിനികൾ നിർമ്മിക്കാനാണ് കമ്പനിയുമായുള്ള കരാർ. കരാറനുസരിച്ചുള്ള ആദ്യത്തെ അന്തർവാഹിനിയായിരുന്നു ഐ.എൻ.എസ് കൽവരി. 2017 ജൂണിൽ ഖണ്ഡേരി ആദ്യമായി കടലിലിറക്കിയത്. അന്നുമുതൽ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാകുകയായിരുന്നു. തുടർന്ന് പരിശീലനം പൂർത്തിയാക്കി ഈ വർഷം സെപ്തംബർ 19നാണ് ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്.

 പ്രൊജക്‌ട് 75 എന്ന പേരിൽ 2005 ൽ കരാർ

 2017 ഡിസംബർ 14 ന് കൽവരി കമ്മിഷൻ ചെയ്തു

 '' സ്കോർപ്പിയോൺ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുങ്ങിക്കപ്പലുകളാണ്. " - കാപ്ടൻ ദൽബീർ സിംഗ്