college

കൊല്ലം: എസ്.എഫ്.ഐ പ്രവർത്തകർ തുടർച്ചയായി അക്രമം നടത്തി അദ്ധ്യയനം മുടക്കിയ ഇടുക്കി പാമ്പനാർ എസ്.എൻ. ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. എസ്.എഫ്.ഐയുടെ അക്രമങ്ങൾ അവസാനിപ്പിച്ച് കോളേജിൽ അദ്ധ്യയനം നടത്താൻ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. കോളേജിൽ അക്രമങ്ങൾ നടത്തിയതിനെ ചോദ്യം ചെയ്‌ത പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും അദ്ധ്യാപകരെ ആക്ഷേപിക്കുകയും ചെയ്‌ത രണ്ട് വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. പുറത്തുനിന്ന് അക്രമികളെ എത്തിച്ച് അദ്ധ്യയനം തടസപ്പെടുത്തുന്നത് പതിവായപ്പോഴാണ് ഇവർക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവന്നത്. പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും അദ്ധ്യയന ദിനങ്ങൾ മുടക്കാൻ ശ്രമിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സമാധാനപരമായ അദ്ധ്യയനാന്തരീക്ഷം നിലനിറുത്താൻ മറ്റ് മാർഗമില്ലാതെ പ്രിൻസിപ്പൽ കോടതിയെ സമീപിച്ചത്.

കോളേജിൽ അച്ചടക്കം നിലനിറുത്താനുള്ള ഉത്തരവാദിത്വം പ്രിൻസിപ്പലിനാണെന്ന സുപ്രധാന പരാമർശവും ഉത്തരവിലുണ്ട്. അച്ചടക്കം നിലനിറുത്താൻ പ്രിൻസിപ്പലും അദ്ധ്യാപകരും എടുക്കുന്ന തീരുമാനങ്ങളെ വിദ്യാർത്ഥികൾ ചോദ്യം ചെയ്യാൻ പാടില്ല. കോളേജിൽ പുറത്ത് നിന്നുള്ളവർ പ്രവേശിക്കരുത്. വിദ്യാർത്ഥികളും അദ്ധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും അദ്ധ്യയന സൗകര്യങ്ങൾ ഒരുക്കാൻ നിയോഗിക്കപ്പെട്ടവരും മാത്രം അദ്ധ്യയന സമയത്ത് കോളേജിനുള്ളിൽ കയറിയാൽ മതി. പുറത്തുനിന്നുള്ളവർ ആരാണെന്ന് നിശ്ചയിക്കാനുള്ള അധികാരം പ്രിൻസിപ്പലിനുണ്ടെന്നും കോടതി വ്യക്തമാക്കി. ഇടുക്കി ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി, കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകരായ ഏഴ് വിദ്യാർത്ഥികൾ, കോളേജിലെ അദ്ധ്യയനം മുടക്കാൻ ശ്രമിച്ച പുറത്തുനിന്നുള്ളവർ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്.