rss-

ന്യൂഡൽഹി: ആർ.എസ്​.എസിനെതിരായ പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു.എൻ പൊതുസഭയിൽ നടത്തിയ പരാമർശത്തിന്​ മറുപടിയുമായി സംഘടനയുടെ ജോയിൻറ്​ സെക്രട്ടറി കൃഷ്​ണ ഗോപാൽ.

ആർ.എസ്​.എസ്​ ഇന്ത്യയിൽ മാത്രമാണുള്ളത്​. ഞങ്ങൾക്ക്​ മറ്റ്​ ശാഖകളില്ല. ഞങ്ങളോട്​ പാകിസ്​താന്​ ദേഷ്യമുണ്ടെങ്കിൽ അതിനർഥം ഇന്ത്യയോടും അവർക്ക്​ വിരോധമുണ്ടെന്നാണ്​. ഇന്ത്യയും ആർ.എസ്​.എസും പര്യായങ്ങളാണ്​. ഇന്ത്യയേയും ആർ.എസ്​.എസിനേയും ലോകം ഒരു​ പോലെ കാണണമെന്നാണ്​ ഞങ്ങളുടെ ആഗ്രഹമെന്നും ഗോപാൽ പറഞ്ഞു.

യു.എൻ പൊതുസഭയിലെ പ്രസംഗത്തിനിടെ ആർ.എസ്​.എസിനെ ശക്​തമായി വിമർശിച്ച്​ ഇമ്രാൻ രംഗത്തെത്തിയിരുന്നു. ആർ.എസ്​.എസ്​ ക്യാമ്പുകൾ തീവ്രവാദികൾക്ക്​ പരിശീലനം നൽകുന്ന കേന്ദ്രങ്ങളാണെന്ന്​ ഇന്ത്യയുടെ മുൻ ആഭ്യന്തരമന്ത്രി വ്യക്​തമാക്കിയിരുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഹിറ്റ്​ലറുടെയും മുസ്സോളിനിയുടെയും ആശയങ്ങളാണ്​ ആർ.എസ്​.എസിനെ​ പ്രചോദിപ്പിക്കുന്നതെന്നും ഇമ്രാൻഖാൻ വ്യക്​തമാക്കിയിരുന്നു​.