പത്തനംതിട്ട : കോന്നിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പി. മോഹൻരാജ് പ്രചാരണം തുടങ്ങിയെങ്കിലും അടൂർപ്രകാശ് അയയുന്നില്ല. താൻ നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ പരിഗണിക്കാത്തതിലുള്ള കടുത്ത അമർഷത്തിലാണ് അദ്ദേഹം.
അടൂർ പ്രകാശിന്റെ നിലപാട് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള പ്രകാശിനൊപ്പമാണ് താഴേത്തട്ടിലുള്ള പാർട്ടി കമ്മിറ്റികളിൽ ഭൂരിഭാഗവും. എങ്ങനെയും സഹകരിപ്പിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് നേതൃത്വം.
അതിനിടെ, ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ചിലർ നടത്തുന്ന ഗൂഢനീക്കങ്ങളിൽ വീണ്ടുവിചാരമുണ്ടാകേണ്ട സമയം അതിക്രമിച്ചതായി അടൂർപ്രകാശ് പറഞ്ഞു. പി. മോഹൻരാജിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാദ്ധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. പൊതുസമ്മതൻ എന്ന നിലയിൽ റോബിൻ പീറ്ററുടെ പേര് ഞാൻ നിർദേശിച്ചിരുന്നു.
വിതുമ്പി മോഹൻരാജ്
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ അംഗീകാരത്തിന്റെ ആഹ്ളാദത്തിലാണ് മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ മോഹൻരാജ്. ഇന്നലെ ഡി.സി.സി നേതൃയോഗത്തിൽ അദ്ദേഹം തൊഴുകൈകളോടെ വിതുമ്പി. നാൽപ്പത്തിയഞ്ച് വർഷത്തെ പൊതുപ്രവർത്തനത്തിനിടയിൽ ആദ്യമായി ലഭിച്ച അവസരമാണിത്. വിജയിച്ചേ മതിയാകു. നേതാക്കളും സഹപ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
വിമതനാവില്ല: റോബിൻ പീറ്റർ
തന്നെ സ്ഥാനാർത്ഥി ആക്കാത്തതിൽ നിരാശയില്ലെന്ന് റോബിൻ പീറ്റർ പറഞ്ഞു. വിമതനായി മത്സരിക്കാനില്ല. മോഹൻരാജിന് വേണ്ടി സജീവമായി പ്രചാരണത്തിനിറങ്ങും. വ്യക്തിഹത്യ നടത്താൻ ചിലർ ശ്രമിച്ചു. അടൂർ പ്രകാശിനെയും എന്നെയും രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്.