മുംബയ്: പാർട്ടിനേതാക്കളുമായി ആലോചിക്കാതെ എം.എൽ.എ സ്ഥാനം രാജിവച്ചതിൽ മാപ്പ് പറഞ്ഞ് മഹാരാഷ്ട്ര മുൻ എം.എൽ.എയും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ. ' കൂടിയാലോചിക്കാതെ രാജിവച്ച്, നേതാക്കളുടെയും അണികളുടെയും ഒപ്പംനിൽക്കുന്നവരുടെയും വികാരത്തെ വ്രണപ്പെടുത്തിയതിന് മാപ്പ്."- മുംബയിലെ വൈ.ബി ചവാൻ സെന്ററിൽ വാർത്താസമ്മേളനത്തിൽ അജിത് പവാർ പറഞ്ഞു. വികാരാധീതനായാണ് അജിത് പവാർ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. ശരദ് പവാർ ഒരിക്കലും ബാങ്കിന്റെ ഡയറക്ടർ സ്ഥാനത്തിരുന്നിട്ടില്ല. അദ്ദേഹത്തിനെതിരെ കേസ് വന്നത് എന്റെ ബന്ധുവായതുകൊണ്ടാണ്. എന്റെ പേരിലാണത്. ഞാൻ കാരണം അദ്ദേഹം അപമാനിക്കപ്പെട്ടു. അജിത് പവാർ പറഞ്ഞു.
2001, 2011 കാലയളവിൽ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ 25000 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപിച്ച് പിതൃസഹോദരനും എൻ.സി.പി നേതാവുമായ ശരത് പവാറിനൊപ്പം അജിത് പവാറിനെയും മറ്റ് 70ഓളം ഉദ്യോഗസ്ഥരെയും പ്രതിചേർത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അജിത് പവാർ എം.എൽ.എ സ്ഥാനം രാജിവച്ചത്. തങ്ങൾക്കെതിരെ കേസെടുത്ത ഇഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും അജിത് പവാർ ആരോപിച്ചു.