രോഹിത് ഡക്ക്
വിജയനഗരം: ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്ര് പരമ്പരയ്‌ക്ക് മുന്നോടിയായി ബോർഡ് പ്രസിഡന്റ് ഇലവനും ദക്ഷിണാഫ്രിക്കൻസും തമ്മിൽ നടന്ന ത്രിദിന സന്നാഹ മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ 195/5 എന്നനിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കൻസ് 279/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ബോർഡ് പ്രസിഡന്റ് ഇലവൻ 265/8 എന്ന നിലിയിൽ ആയിരിക്കുമ്പോഴാണ് മത്സരം അവസാനിച്ചത്.
ടെസ്‌റ്ര് ടീമിലും ഓപ്പണറായി പരീക്ഷിക്കാനിരിക്കുന്ന രോഹിത് ശർമ്മ പരാജയപ്പെട്ടതാണ് മത്സരത്തിലെ ഹൈലൈറ്ര്. ബോർഡ് പ്രസിഡന്റ് ഇലവനെ നയിച്ച രോഹിത് ഓപ്പണറായിറങ്ങി നേരിട്ട രണ്ടാമത്തെ പന്തിൽ തന്നെ പൂജ്യനായി പുറത്താവുകയായിരുന്നു. രണ്ടാം തിയതി തുടങ്ങുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്രിൽ ഓപ്പണറുടെ റോളിൽ രോഹിതിനെ ഇറക്കാനും സ്ഥിരം ഓപ്പണറാക്കാനും ടീംമാനേജ്മെന്റ് തയ്യാറെടുക്കവെയാണ് താരത്തിന്റെ സന്നാഹം പാളിയത്.
ഫിലാണ്ടറുടെ പന്തിൽ ക്ലാസ്സൻ പിടിച്ചാണ് രോഹിത് പുറത്തായത്.
അതേ സമയം പന്തിന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന വിക്കറ്ര് കീപ്പർ ശ്രീകർ ഭരത് (71), സിദ്ധേഷ് ലാഡ് (പുറത്താകാതെ 52), പ്രിയങ്ക് പഞ്ചാൽ (60) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. മായങ്ക് അഗർവാളും (39) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്നും ഫിലാണ്ടർ രണ്ടും വിക്കറ്രുകൾ നേടി. ബാറ്രിംഗിലും തിളങ്ങിയ ഫിലാണ്ടർ 49 പന്തിൽ 48 റൺസ് നേടി. ടെംബ ബൗവുമയും പുറത്താകാതെ 87 റൺസുമായി ദക്ഷിണാഫ്രിക്കൻ ബാറ്രിംഗിൽ തിളങ്ങി. രണ്ടാം ദിനം മർക്രം (100 റിട്ടയേർഡ്) സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയ്ക്കായി ധർമ്മേന്ദ്രസിംഗ് ജഡേജ മൂന്ന് വിക്കറ്ര് വീഴ്ത്തി.