marad-flat-

കൊച്ചി: സുപ്രിംകോടതി ഉത്തരിനെതുടർന്ന് പൊളിച്ചുമാറ്റുന്ന മരടിലെ നാലുഫ്ലാറ്റുകളിൽ നിന്ന് താമസക്കാരെ നാളെമുതൽ ഒഴിപ്പിക്കും.അടുത്തമാസം നാലുവരെയാണ് ഒഴിപ്പിക്കൽ നടപടികൾ തുടരുക.. 90 ദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കാനാണ് തീരുമാനം. നാളെ ഫ്ലാറ്റ് ഉടമകളോട് ഇക്കാര്യം സംസാരിക്കുമെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

നഷ്ടപരിഹാരം നല്‍കാനുള്ള ഫ്ലാറ്റ് ടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാളെമുതൽ ശേഖരിക്കും. ഒഴിയാൻ ആവശ്യമായ എല്ലാ സഹായങ്ങളും നഗരസഭ നല്‍കും. ചില ഫ്ലാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റിത്തുടങ്ങിയിട്ടുണ്ട്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് സമിതി. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും നൽകേണ്ട മുഴുവൻ തുക സംബന്ധിച്ച പരിശോധനയും സമിതി നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.


അതിനിടെ ഫ്ലാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും കോടതി മരവിപ്പിച്ചു. ഫ്ലാറ്റ് ഉടമകൾക്ക് സർക്കാർ 25 ലക്ഷം നല്‍കണമെന്ന് കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ നല്‍കണമെന്നായിരുന്നു ഉത്തരവ്. സ്വന്തം ഫണ്ടിൽ നിന്ന് നല്‍കിയതിന് ശേഷം പിന്നീട് ബിൽഡർമാരിൽ നിന്ന് തുക തിരിച്ചുപിടിക്കണം എന്നായിരുന്നു കോടതി നിർദ്ദേശം.