vidhisha-

ന്യൂയോർക്ക്:ഐക്യ രാഷ്‌ട്ര പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ വിദ്വേഷ പ്രസംഗത്തിന് നിശിതമായ മറുപടി നൽകിയ ഇന്ത്യൻ പ്രതിനിധി വിദിശ മൈത്ര, നിയാസി എന്ന വംശ സൂചന ചേർത്ത് ' ഇമ്രാൻ ഖാൻ നിയാസി' എന്ന് വിശേഷിപ്പിച്ചത് ശ്രദ്ധേയമായി.

കാശ്‌മീരിൽ ഇന്ത്യ വംശഹത്യ നടത്തുന്നു എന്ന ഇമ്രാന്റെ ആരോപണത്തിന് മറുപടി യായാണ് വിദിശ മൈത്ര 'നിയാസി' പ്രയോഗത്തിലൂടെ കടന്നാക്രമിച്ചത്. വംശഹത്യ ആധുനിക ജനാധിപത്യത്തിൽ നടക്കുന്ന പ്രതിഭാസമല്ല. ചരിത്രത്തെ പറ്റിയുള്ള താങ്കളുടെ അവ്യക്ത ധാരണകൾ തിരുത്തണം. 1971ൽ പാകിസ്ഥാൻ സ്വന്തം ജനതയ്‌ക്കെതിരെ നടത്തിയ ക്രൂരമായ വംശഹത്യയും അതിൽ ലഫ്റ്റനന്റ് ജനറൽ എ. എ. കെ നിയാസി വഹിച്ച പങ്കും താങ്കൾ മറക്കരുത്. (പാക് പട്ടാളം പഴയ കിഴക്കൻ പാകിസ്ഥാനിൽ (ബംഗ്ലാദേശ്)​ നടത്തിയ കൂട്ടക്കൊലയാണ് വിദിശ മൈത്ര പരാമർശിച്ചത്. പിന്നീട് ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം ലഫ്റ്റനന്റ് ജനറൽ എ. എ. കെ നിയാസിയുടെ നേതൃത്വത്തിലാണ് പാക് സൈന്യം ഇന്ത്യയ്‌ക്ക് കീഴടങ്ങിയത്. നിയാസിയും ഇമ്രാനും ഒരേ വംശക്കാരാണ്.)

പാകിസ്ഥാനിലെ ന്യൂനപക്ഷ പീഡനങ്ങൾ കണക്ക് നിരത്തി വിദിശ മൈത്രി വിശദീകരിച്ചു. 1947ൽ 23ശതമാനം ന്യൂനപക്ഷങ്ങളുണ്ടായിരുന്ന പാകിസ്ഥാനിൽ ഇപ്പോൾ അവർ വെറും മൂന്ന് ശതമാനമാണ്. ന്യൂനപക്ഷങ്ങളായ ക്രിസ്‌ത്യൻ,​ സിക്ക്,​ അഹമ്മദീയ,​ ഹിന്ദു,​ ഷിയാ,​ പഷ്‌തൂൺ,​ സിന്ധി,​ ബലൂച് വിഭാഗങ്ങളെ കിരാതമായ മതനിന്ദാ നിയമത്തിൽ കുടുക്കി പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയും ചെയ്യുന്നു. പാകിസ്ഥാന്റെ മനുഷ്യാവകാശം പ്രസംഗം,​ വംശനാശത്തിന്റെ വക്കിലുള്ള മാർക്കോർ എന്ന മലയാടുകളെ വേട്ടയാടുന്നവന് നൽകുന്ന ട്രോഫി പോലെയാണെന്നും വിദിശ പരിഹസിച്ചു.