
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കുന്നതു സംബന്ധിച്ച് ബി.ജെ.പിയിൽ അനിശ്ചിതത്വം തുടരുന്നു.. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾതത്കാലത്തേക്ക് നിറുത്തിവയ്ക്കാൻ ജില്ലാ ഘടകത്തിനു നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. കുമ്മനം ഞായറാഴ്ച രാവിലെ വട്ടിയൂർക്കാവിലെത്തി പ്രചാരണം ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഒ രാജഗോപാലാണ് പ്രഖ്യാപിച്ചത്. മത്സരിക്കാൻ കുമ്മനം സമ്മതിച്ചതായും രാജഗോപാൽ അറിയിച്ചു. പ്രചാരണത്തിന് തുടക്കം കുറിച്ച് വട്ടിയൂർക്കാവിൽ നടത്തിയ ഗൃഹസന്ദർശനത്തിലാണ് ഒ രാജഗോപാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
എന്നാൽ വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർ.എസ്.എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇത് ഒരു വിഭാഗം ബിജെപി നേതാക്കൾ അംഗീകരിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.