'അങ്കമാലി ഡയറീസ്', 'ഈമയൗ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ജെല്ലിക്കെട്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ട്രെയിലർ ആദ്യം പുറത്തുവിട്ടത്. ഇൻസ്റ്റിറ്റ്യൂട്ട് സംഘാടകരാവുന്ന ലണ്ടൻ ഫിലിം ഫെസ്റ്റിവലിന്റെ പുതിയ എഡീഷനിലാണ് 'ജല്ലിക്കട്ടി'ന്റെ അടുത്ത പ്രദർശനം. 2മിനിട്ട് 40 സെക്കന്റ് ദെെർഘ്യമുള്ള ട്രെയിലർ തുടർന്ന് അണിയറപ്രവർത്തകർ പുറത്തുവിടുകയായിരുന്നു. ചെമ്പൻ വിനോദും ആന്റണി വർഗീസുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എസ്. ഹരീഷും ആർ. ഹരികുമാറും ചേർന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. ടൊറന്റോ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ്. വിനോദ് ജോസ്. ശാന്തി ബാലചന്ദ്രൻ, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി തുടങ്ങിയവും ചിത്രത്തിൽ അണിനിരക്കുന്നു. ഒക്ടോബർ ആദ്യ വാരം ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തും.