ദോഹ: ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. ആദ്യ ദിനം തകർപ്പൻ പ്രകടനവുമായി പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ സെമിയിലെത്തിയ മലയാളി താരം എം.പി. ജാബിറും വനിതകളുടെ 100 മീറ്ററിൽ ഹീറ്ര്‌സിൽ മത്സരിക്കാനിറങ്ങിയ ദ്യുതി ചന്ദും പുറത്തായി.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിന്റെ സെമിയിൽ മൂന്നാം ഹീറ്റ്സിൽ അമേരിക്കൻ താരം ബെഞ്ചമിൻ റായ്, ഖത്തറിന്റെ അബ്ദർ റഹ്മാൻ സാംപ, ജപ്പാന്റെ തകതോഷി ആബെ എന്നിവർക്കൊപ്പം മത്സരിച്ച ജാബിറിന് 49.71 സെക്കൻഡിൽ അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.
48.52 സെക്കൻഡിൽ ബെഞ്ചമിൻ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്‌പ്പോൾ സാംപ 48.72 സെക്കൻഡിൽ രണ്ടാമതെത്തി. ജപ്പാൻ താരം ആബെയാണ് മൂന്നാമത്. സമയം 48.97 സെക്കൻഡ്. വെള്ളിയാഴ്ച 400 മീറ്റർ ഹർഡിൽസിന്റെ ഒന്നാം ഹീറ്റ്സിൽ 49.62 സെക്കൻഡിൽ മൂന്നാമതെത്തിയാണ് ജാബിർ സെമിയിലേക്ക് യോഗ്യത നേടിയത്.
ഇന്നലെ ആദ്യം നടന്ന വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ജമൈക്കൻ താരം എലാനി തോംപ്സണ് ഒപ്പം മത്സരിച്ച ദ്യുതിക്ക് ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.
ഹീറ്റ്സിൽ 11.14 സെക്കൻഡിൽ ഓടിയെത്തിയ എലാനി ഒന്നാമത് ഫിനിഷ് ചെയ്‌പ്പോൾ ഏറെ പിന്നിൽ 11.48 സെക്കൻഡിലായിരുന്നു ദ്യുതിയുടെ ഫിനിഷ് ചെയ്തത്. തന്റെ മികച്ച സമയത്തിന്റെ അടുത്തെത്താൻ പോലും ഇന്ത്യൻ താരത്തിന് ആയില്ല. ഈ വർഷം ആദ്യം ഇതേ വേദിയിൽ കുറിച്ച 11.26 സെക്കൻഡായിരുന്നു ദ്യുതിയുടെ കരിയറിലെ മികച്ച പ്രകടനം.
റോക്കറ്ര് പോലെ ഷെല്ലിയും എലാനിയും
വനിതകളുടെ 100 മീറ്ററിൽ പ്രതീക്ഷ തെറ്റിക്കാതെ സൂപ്പർ താരങ്ങൾ സെമിയിൽ കടന്നു. ഇന്നലെ നടന്ന ഹീറ്റ്സിൽ ജമൈക്കൻ താരങ്ങളായ ഷെല്ലി ആൻ ഫ്രേസറും എലാനി തോംപ്സണും അനായാസം സെമിയിലെത്തി.
രാത്രി എട്ടിനു നടന്ന ആദ്യ ഹീറ്റ്സിൽ 10.80 സെക്കൻഡിൽ ഒന്നാമതായി ഓടിയെത്തിയ ഷെല്ലിയാണ് ഹീറ്റ്സുകളിലെ ഏറ്റവും വേഗമേറിയ താരം.
ഷെല്ലിക്കു പിന്നിൽ ഐവറി കോസ്റ്റിന്റെ മ്യൂറില്ലെ അഹൂരെയും(11.05 സെക്കൻഡ്) ജർമനിയുടെ ഷീന ലുക്കെൻകെംപറു(11.29 സെക്കൻഡ്)മാണു രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിലെത്തിയത്.
രണ്ടാം ഹീറ്റ്സിൽ ഐവറി കോസ്റ്റ് താരം മേരി ഹൊസെ താലുവാണ് ഒന്നാമതെത്തിയത്. തന്റെ കരിയർ ബെസ്റ്റായ 10.85 എന്ന സമയം കുറിച്ച മേരി ഒന്നാം സ്ഥാനത്തേക്ക് ഓടിയെത്തിയപ്പോൾ തന്റെ മികച്ച സമയം കുറിച്ച ബ്രിട്ടന്റെ ഡാരിൽ നെറ്ര്‌യ 11.12 സെക്കൻഡിൽ രണ്ടാമതെത്തി. 11.19 സെക്കൻഡിൽ ഫിനിഷ് ചെയ്ത ജർമനിയുടെ താത്യാന പിന്റോയാണ്(11.19 സെ) മൂന്നാമതെത്തിയത്.
മൂന്നാം ഹീറ്റ്സിലായിരുന്നു എലാനി ഇറങ്ങിയത്. വ്യക്തമായ ലീഡിൽ 11.14 സെക്കൻഡിലാണ് എലാനി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.