ദോഹ: ലോക അത്ലറ്രിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനം മലയാളിത്താരങ്ങളുടെ ചിറകിലേറി ഇന്ത്യ 4-400 മീറ്റർ മിക്സഡ് റിലേയിൽ ഫൈനലിലെത്തി. റിലേയിൽ ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയ നാല് പേരും മലയാളി താരങ്ങളായിരുന്നു. മുഹമ്മദ് അനസ്, നോഹ് നിർമ്മൽ ടോം, വി.കെ.വിസ്മയ, ജിസ്ന മാത്യു എന്നിവരായിരുന്നു ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി ഫൈനലിലേക്ക് ഓടിക്കയറിയത്. രണ്ടാം ഹീറ്ര്സിൽ 3 മിനിട്ട് 16. 14 സെക്കന്റിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് ഇന്ത്യ ഫൈനലിലെത്തിയത്.
അനസാണ് ആദ്യ ലാപ്പിൽ ഓടിയത്. അനസ് കൈമാറിയ ബാറ്റൺ വാങ്ങി കുതിച്ചു പാഞ്ഞ വിസ്മയ ജിസ്നയ്ക്ക് കൈമാറുമ്പോൾ ഇന്ത്യ നാലാമതായിരുന്നു. പിന്നീട് ജിസ്നയുടെ കുതിപ്പിൽ മുന്നേറിയ ഇന്ത്യക്കായി ഒടുവിൽ നോഹ് മികച്ച സ്പ്രിന്റിലൂടെ മൂന്നാം സ്ഥാനം ഉറപ്പാക്കുകയായിരുന്നു. ജിസ്നയും നോഹും ബാറ്റൺ കൈമാറുന്നതിൽ പിഴവ് വരുത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.
പോളണ്ടാണ് രണ്ടാം ഹീറ്ര്സിൽ ഒന്നാമതെത്തിയത്. ബ്രസീൽ രണ്ടാമതെത്തി. സീസൺ ബെസ്റ്ര് പ്രകടനമാണ് ലോകചാമ്പ്യൻഷിപ്പിലെ ഹീറ്ര്സിൽ ഇന്ത്യ പുറത്തെടുത്തിയത്. ഹീറ്ര്സിലെ മികച്ച ഏഴാമത്തെ സമയമാണ് ഇന്ത്യയുടേത്. മിന്നും പ്രകടനത്തോടെ അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനും ഇന്ത്യയ്ക്കായി. നാളെ രാത്രി 1.05നാണ് ഫൈനൽ.