ഹരിയാനയുടെ ആരോഗ്യം മെച്ചപ്പെടുന്നതിൽ കേരളത്തിനും പങ്കുണ്ടെന്നാണ് അടുത്തിടെ നീതി ആയോഗ് പുറത്ത് വിട്ട കണക്കുകൾ അടയാളപ്പെടുത്തുന്നത്. ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഇപ്പോൾ ഹരിയാന. ഈ അതിവേഗ മുന്നേറ്റത്തിന് ഹൃദയപൂർവം അവർക്കൊപ്പം നിൽക്കുന്നത് കേരളത്തിൽ നിന്നുള്ള ഡോ.എൻ.പ്രതാപ്കുമാർ നേതൃത്വം നൽകുന്ന കൊല്ലം മെഡിട്രീന ആശുപത്രിയാണ്. കുറഞ്ഞ ചെലവിൽ ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരായ രോഗികൾക്ക് നൽകാൻ ഇന്ന് ഹരിയാനയ്ക്ക് കഴിയുന്നുണ്ട്. ഹരിയാന അഗ്രോഹയിലെ മഹാരാജ അഗ്രസെൻ മെഡിക്കൽ കോളേജിലെയും അംബാല, പഞ്ചുകുള, ഫരീദാബാദ്, ഗുരുഗ്രാം ജില്ലാ ആശുപത്രികളിലെയും ഹൃദയ ചികിത്സാ കേന്ദ്രങ്ങൾ മെഡിട്രീനയുടേതാണ്.
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഈ ഹൃദയ ചികിത്സാ കേന്ദ്രങ്ങൾ ഹരിയാനയുടെ ആരോഗ്യ മേഖലയിൽ സൃഷ്ടിച്ച വിപ്ലവത്തിന് ഉദാഹരണങ്ങൾ അനവധിയില്ല. വിദഗ്ദ്ധരായ ഡോക്ടർമാർ, ആധുനിക പരിശോധനാ- ചികിത്സാ സംവിധാനങ്ങൾ, നഴ്സുമാർ തുടങ്ങിയ സൗകര്യങ്ങൾ മെഡിട്രീന ഒരുക്കുമ്പോൾ വൈദ്യുതിയും വെള്ളവും കെട്ടിടവും സ്ഥല സൗകര്യങ്ങളും സർക്കാർ നൽകും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 65000 ഹൃദ്റോഗികൾ അഞ്ച് ആശുപത്രികളിലുമായി ചികിത്സ തേടിയെത്തി. ഇവരിൽ 8000 പേർക്ക് ആൻജിയോഗ്രാമും 3500 പേർക്ക് ബലൂൺ ശസ്ത്രക്രിയയും (ആൻജിയോപ്ലാസ്റ്റി) നടത്തി.
60,000 രൂപയ്ക്ക് ബലൂൺ ശസ്ത്രക്രിയ !
ഒന്നര ലക്ഷത്തിലേറെ രൂപ പല ആശുപത്രികളും ഈടാക്കുന്ന ബലൂൺ ശസ്ത്രക്രിയയ്ക്ക് ഹരിയാനയിലെ മെഡിട്രീനയുടെ സഹകരണമുള്ള സർക്കാർ ആശുപത്രികളിൽ വേണ്ടി വരുന്നത് 60,000 രൂപയിൽ താഴെ മാത്രമാണ്. ദാരിദ്ര്യ രേഖയിൽ താഴെയുള്ളവർക്കും പട്ടികജാതി - പട്ടിവർഗ വിഭാഗക്കാർക്കും സർക്കാർ ജീവനക്കാർക്കും അവിടെ ചികിത്സ സൗജന്യമാണ്. ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്ന തുക സർക്കാർ മെഡിട്രീന ആശുപത്രിക്ക് നൽകും. 40 ശതമാനത്തോളം രോഗികൾ ഈ വിഭാഗത്തിൽ നിന്നാണ്.
കേരളത്തിനും വേണ്ടതല്ലേ ഹരിയാന മാതൃക
രക്തധമനിയിൽ ഒരു സ്റ്റെന്റ് ഇട്ട് ബലൂൺ ശസ്ത്രക്രിയ നടത്താൻ 60000 രൂപയിൽ താഴെ മാത്രം ഈടാക്കുന്ന ആശുപത്രികൾ കേരളത്തിന്റെ സ്വകാര്യ മേഖലയിലുണ്ട്. സർക്കാർ ആശുപത്രികളേക്കാൾ കുറഞ്ഞ നിരക്കാണ് ഇത്തരം ആശുപത്രികൾ രോഗികളിൽ നിന്ന് ഈടാക്കുന്നത്.ഇവരുടെ സഹകരണം സർക്കാർ ആശുപത്രികളിലെ ഹൃദയ ചികിത്സാ കേന്ദ്രങ്ങളിൽ ഉറപ്പ് വരുത്തിയാൽ കുറഞ്ഞ ചെലവിലും സമയത്തിലും രോഗികളെ സുഖപ്പെടുത്താനാകില്ലേ ? ഹരിയാന മാതൃകയിൽ കേരളത്തിന്റെ ആരോഗ്യ മേഖലയിലും പൊതു - സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നാണ് ഹരിയാനയിലെ ആരോഗ്യ വിപ്ലവത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ.എൻ.പ്രതാപ്കുമാറിന്റെ നിലപാട്.
അനുകരണീയ മാതൃക കൊല്ലത്തുണ്ട്
കൊല്ലം ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ആറ് വർഷമായി പ്രവർത്തിക്കുന്ന ഹൃദയാരോഗ്യ കേന്ദ്രം കേരളത്തിന് അനുകരണീയ മാതൃകയാണ്.
24 മണിക്കൂറും ഹൃദ്യോഗ വിദഗ്ദ്ധന്റെ സേവനം ഇവിടെ ലഭ്യമാണ്. കെട്ടിടവും വൈദ്യുതിയും വെള്ളവും ഇ.എസ്.ഐ കോർപറേഷൻ നൽകും. കാത്ത് ലാബ്, എക്കോ, ടി.എം.ടി, ജീവനക്കാർ തുടങ്ങിയ ആധുനിക സൗകര്യങ്ങളൊക്കെയും ഡോ.എൻ.പ്രതാപ്കുമാറിന്റെ നേതൃത്വത്തിലുള്ള ഹൃദ്റോഗ വിദഗ്ദ്ധരുടെ സംഘമാണ് നൽകുന്നത്.
കശുഅണ്ടി തൊഴിലാളികൾക്കും ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്ന സ്വകാര്യ- സർക്കാർ മേഖലയിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അത്യാധുനിക ചികിത്സ ഇവിടെ ലഭ്യമാണ്. ഹൃദയാഘാതം സംഭവിച്ചെത്തുന്നവർക്ക് 10 മിനിട്ടിനുള്ളിൽ ബലൂൺ ശസ്ത്രക്രിയ നടത്താൻ ആശുപത്രി സജ്ജമാണ്. ഹൃദയത്തിലെ രക്തധമനികളുടെ വ്യാസവും നീളവും മനസിലാക്കി സ്റ്റെന്റ് നിക്ഷേപിക്കാൻ കഴിയുന്ന ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് യന്ത്രവും ഇവിടെയുണ്ട്.
പ്രധാന ആശുപത്രികളിൽ പലയിടത്തും ലഭ്യമല്ലാത്ത സൗകര്യങ്ങളാണിത് രണ്ടും. കാത്ത് ലാബ് സൗകര്യമുള്ള ഇ.എസ്.ഐയുടെ ആദ്യ ചികിത്സാ കേന്ദ്രമാണ് ആശ്രാമത്തേത്ത്. ഇ.എസ്.ഐ ആനുകൂല്യമുള്ള സാധാരണക്കാരായ പലരും ഇവിടുത്തെ സൗകര്യങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ്.
ചികിത്സ വേഗത്തിലാക്കണം
കോടികൾ മുടക്കി കാത്ത് ലാബ് സ്ഥാപിച്ച പല സർക്കാർ ആശുപത്രികളിലും ആവശ്യത്തിന് ഹൃദ്റോഗ വിദഗ്ദ്ധൻമാരില്ലെന്നത് യാഥാർത്ഥ്യമാണ്. ചികിത്സ തേടിയെത്തുന്ന നിരാലംബരും നിരാശ്രയരുമായ സാധാരണക്കാർക്ക് ഇതിനാൽ കൃത്യ സമയത്ത് ചികിത്സ നൽകാൻ കഴിയാറില്ല. ശസ്ത്രക്രിക്കായി ആഴ്ചകളും മാസങ്ങളും രോഗി കാത്തിരിക്കണം. ഇത്തരം സാഹചര്യങ്ങൾ രോഗിയുടെ ശാരീരിക - മാനസിക അവസ്ഥയെ മിക്കപ്പോഴും പ്രതികൂലമായി ബാധിക്കാറുമുണ്ട്. ആശ്രാമം ഇ.എസ്.ഐയുടെ മാതൃകയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രികളിൽ പോലും മെച്ചപ്പെട്ട ഹൃദയ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാരിനാകും. ഇതിലൂടെ ഹൃദയ ചികിത്സയെ ജനകീയ വത്കരിക്കാനും സാധാരണ രോഗികളെ ഭാരിച്ച ചികിത്സാ ചെലവുകളുടെ ഭയത്തിൽ നിന്ന് മോചിപ്പിക്കാനുമാകും.
ദിലീപിന്റെ ജീവിതം വീണ്ടെടുത്ത ആധുനിക ചികിത്സ
ഹൃദയത്തിലേക്കുള്ള മൂന്ന് രക്തക്കുഴലുകളും ഏതാണ്ട് പൂർണമായും അടഞ്ഞ നിലയിലാണ് അയത്തിൽ സ്വദേശി ദിലീപ് (59) രണ്ട് വർഷം മുൻപ് ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ ഹൃദയാരോഗ്യ കേന്ദ്രത്തിലെത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട അസുഖത്തിനിടെ ദിലീപ് ചികിത്സ തേടിയെത്താത്ത ആശുപത്രികൾ കുറവാണ്. ഡോ.പ്രതാപിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കിടെയാണ് ദിലീപിന് ഇരു വൃക്കകളിലും യൂറിനറി ബ്ലാഡറിലും കല്ലുകളുണ്ടെന്ന് കൂടി തിരിച്ചറിഞ്ഞത്. വൃക്കകളിലെ ഗുരുതരാവസ്ഥ നിലനിൽക്കുന്ന ഘട്ടത്തിൽ തന്നെ ദിലിപീന്റെ 80 ശതമാനം അടഞ്ഞ രക്തക്കുഴൽ തുറന്ന് സ്റ്റെന്റ് ഇട്ടതിനൊപ്പം ഐ.സി.ഡിയും (Implantable cardiverter defibrillator) ഘടിപ്പിച്ചു. പക്ഷേ മൂന്ന് ശസ്ത്രക്രിയകൾ നടത്തി ഇരു വൃക്കകളിലെയും യൂറിനറി ബ്ലാഡറിലെയും കല്ലുകൾ നീക്കം ചെയ്തില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തി. പല ആശുപത്രികളും കൈയൊഴിഞ്ഞപ്പോൾ ഡോ.എൻ.പ്രതാപ്കുമാറിന്റെ നിർദേശമേറ്റെടുത്ത മെഡിട്രീനയിലെ ഡോക്ടർമാരാണ് വൃക്കകളിലെ ശസ്ത്രക്രിയകൾ നടത്താൻ തയ്യാറായത്. ഇത്തരത്തിൽ പാതി വഴിയിൽ നിലച്ചു പോയേക്കാമായിരുന്ന ഹൃദയങ്ങളെ വീണ്ടും മിടിപ്പിച്ച് ജീവിത മധുരത്തിലേക്ക് തിരികെയെത്തിച്ച അനുഭവങ്ങൾ ഏറെയുണ്ട് ഡോ.എൻ.പ്രതാപ്കുമാറിന് .