
ഗാന്ധിജി സത്യത്തെ ജീവിതവ്രതമാക്കിയിരുന്നു. സത്യം എന്നാൽ ഉണ്മ എന്നാണർത്ഥം. സത്യമല്ലാതെ മറ്റൊന്നും നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സത്യമുള്ളിടത്താണ് യഥാർത്ഥമായ ജ്ഞാനമുള്ളത്.
ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെ പേര്  'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" എന്നാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലെല്ലാം സത്യം തുടിച്ചുനിന്നിരുന്നു. ഒരു വ്യക്തിക്ക് സദാചാര പൂർവകമായ ജീവിതം നയിക്കണമെങ്കിൽ സത്യം മുറുകെ പിടിക്കണം. ചിന്തയിലും പെരുമാറ്റത്തിലും പ്രവൃത്തിയിലും ഭക്ഷണത്തിലും വസ്ത്രത്തിലും  സത്യസന്ധത പാലിക്കണം. സത്യത്തിൽ നിന്നാണ് സ്നേഹവും വിനയവും ഉത്ഭവിക്കുന്നത്.
ഒരിക്കൽ ഗാന്ധിജി കുട്ടികളോട് ചോദിച്ചത് സത്യത്തെക്കുറിച്ചാണ്. ''കുട്ടികളേ, നിങ്ങളിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളു എന്ന് ഉറപ്പുള്ള എത്ര പേരുണ്ട്? ഇതുവരെ ഒരുകള്ളവും പറയാത്തവർ"". അദ്ദേഹം ചോദിച്ചു.
കുട്ടികൾ ഉത്തരം പറഞ്ഞില്ല.
ഗാന്ധിജി ചിരിച്ചുകൊണ്ട് ചോദിച്ചു.''ചിലപ്പോഴെങ്കിലും കള്ളം പറഞ്ഞവർ നിങ്ങളിലുണ്ടോ?""
കുട്ടികൾ കൈയുയർത്തി എഴുന്നേറ്റു നിന്നു.
ഗാന്ധിജി ദയവാനുമായിരുന്നു. വിനയവും ത്യാഗവും സേവനവുമായിരുന്നു അദ്ദേഹത്തിന്റെ  പ്രകൃതം. അഹിംസ പാലിക്കുന്ന  വ്യക്തി വിനയമുള്ളവനും ദയാമയിയുമായിരിക്കും. സ്വന്തം ജീവിതം മറ്റുള്ളവർക്ക്  സമർപ്പിക്കാനുള്ളതാണെന്ന്  ഗാന്ധിജി വിശ്വസിച്ചിരുന്നു.
രന്തിദേവനെ പോലെ ദയാവായ്പുള്ള മഹാനായിരുന്നു ഗാന്ധിജി. ഒരു ദിവസം ആശ്രമത്തിനകത്ത് ഒരു പാമ്പ് ഇഴഞ്ഞുവന്നു. ആശ്രമവാസികൾ ബഹളം വച്ചു. ഒന്നു രണ്ടുപേർ ചേർന്ന് ഒരു കുരുക്കുണ്ടാക്കി അതിനെ പിടിച്ചു. പാമ്പ് പിടയാൻ തുടങ്ങി. പാമ്പിനെയും കൊണ്ട് അവർ പുറത്ത് കടന്നു. അവിടെ വെച്ച് അതിനെ തല്ലിക്കൊല്ലാനാണ് ഉദ്ദേശിച്ചത്.
ആ സമയത്താണ് ഗാന്ധിജി കടന്നുവന്നത് കുടുക്കിൽ പെട്ട് പിടയുന്ന പാമ്പിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസലിഞ്ഞു.
''അതിനെ താഴത്തിട്. വേഗം ആ  കുരുക്കഴിക്ക് ""  ഗാന്ധിജി നിർദ്ദേശിച്ചു.
പാമ്പിനെ താഴത്തിട്ട് കുരുക്ക് വിടർത്തി. അതിന് ആശ്വാസമായി. അത് കുടുക്കിൽ നിന്ന് പുറത്ത് കടന്ന് അങ്ങനെ തന്നെ കിടന്നു. ഗാന്ധിജി അടുത്ത് ചെന്നു. പാമ്പിന്റെ പുറം തടവിക്കൊടുത്തു. അത് ആശ്വാസത്തോടെ കുറച്ചു സമയം കൂടി അങ്ങനെ കിടന്നു.
''പാവം...ഇതിന് നന്നേ വേദനിച്ചിട്ടുണ്ടാവും"". ഗാന്ധിജി പറഞ്ഞു.
പാമ്പ് ഇഴഞ്ഞിഴഞ്ഞ് കുറ്റിക്കാട്ടിൽ മറയുന്നതുവരെ അദ്ദേഹം നോക്കി നിന്നു. മഹാൻമാരുടെ സാന്നിദ്ധ്യം ആർക്കും ആശ്വാസം പകരുന്നതാണ്. ഗാന്ധിജി  മഹാനായിരുന്നു. ഭൂമിയുടെ അവകാശികളിൽ പാമ്പും ഉൾപ്പെടുമെന്ന് അദ്ദേഹം കരുതുന്നു. സുകൃതങ്ങളുടെ കേന്ദ്രബിന്ദുവാണ് എളിമയെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. സമുദ്രത്തിൽ ജലകണം പോലെയാണ് മനുഷ്യനെന്ന് അദ്ദേഹം സൂചിപ്പിച്ചു. സമുദ്രത്തിലാകുമ്പോൾ ഓരോ തുള്ളി ജലത്തിനും പ്രാധാന്യമുണ്ടാവുന്നു. സമുദ്രത്തിന്റെ ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നതിൽ ഓരോ ജലകണത്തിനും സ്ഥാനമുണ്ട്.
എന്നാൽ സമുദ്രത്തിൽ നിന്നകലുമ്പോൾ ജലകണത്തിന്റെ പ്രാധാന്യം ഇല്ലാതാകുന്നു. ആ ജലകണം എളുപ്പം വറ്റിപ്പോകും.
പ്രകൃതിയോടും സമൂഹത്തോടും ചേർന്നു നിൽക്കുമ്പോഴാണ് മനുഷ്യന് അസ്തിത്വമുണ്ടാകുന്നത്. താൻ ഒന്നുമല്ല എന്ന തോന്നൽ ഉണ്ടാകുമ്പോഴാണ് മനുഷ്യന്റെ മഹത്വം കൂടുന്നത്. എളിമ അളന്നു തിട്ടപ്പെടുത്താനാവാത്തതാണെന്ന് ഗാന്ധിജി പറയുന്നു. എളിമയുള്ളവൻ വിനീതനായിരിക്കും.സ്വന്തം കഴിവിൽ അഹങ്കരിക്കില്ല. ദക്ഷിണാഫ്രിക്കയിൽ കേസ് വാദിക്കാൻ ഗാന്ധിജി ചെന്ന കാലം. ജീവിതശൈലി ലളിതമാക്കാനാണ് അദ്ദേഹം ആദ്യം പരിശ്രമിച്ചത്. അലക്കുകൂലി കൂടുതലാണെന്ന് അദ്ദേഹം കണ്ടു. വസ്ത്രം കൃത്യമായി അലക്കിക്കിട്ടുകയുമില്ല. അതുകൊണ്ട് വസ്ത്രം സ്വയം അലക്കാൻ തീരുമാനിച്ചു. അലക്കാനുളള സാമഗ്രികൾ വാങ്ങി. അലക്കുകാര്യം പ്രതിപാദിക്കുന്ന ഒരു പുസ്തകം വാങ്ങി. ഭാര്യയോടും ആ പുസ്തകം വായിക്കാൻ പറഞ്ഞു.
ആദ്യമായി  വസ്ത്രം അലക്കിയതിനെപ്പറ്റി  ഗാന്ധിജി  വിവരിക്കുന്നുണ്ട്. വസ്ത്രത്തിൽ കഞ്ഞിപ്പശ അധികമായി. ഇസ്തിപ്പെട്ടി കൂടുതൽ ചൂടാക്കാതെയാണ് ഇസ്തിരിയിട്ടത്. അതുകൊണ്ടു തന്നെ ഇസ്തിരിയിട്ടത് ഭംഗിയായില്ല.കോളറിൽ നിന്ന് കഞ്ഞിപ്പശ അടർന്നുവീണുകൊണ്ടിരുന്നു. ആ കോളറും ധരിച്ചുകൊണ്ടാണ് ഗാന്ധിജി കോടതിയിൽ ചെന്നത്. മറ്റുള്ളവർ അതുകണ്ട് പരിഹസിച്ചു.
മിതവ്യയം ഗാന്ധിജി നൽകുന്ന മറ്റൊരു പാഠമാണ്, അമിതമായി ചെലവ് ചെയ്യരുത്, ആർഭാടജീവിതം നയിക്കരുത്. ഏതു തൊഴിലിനും മഹത്വമുണ്ടെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. തൂപ്പുപണിയും വക്കീൽപ്പണിയും ഒരേപോലെയാണ്. മറ്റുള്ളവരോടും ഈ സമത്വം ഉൾക്കൊള്ളാൻ അദ്ദേഹം ഉപദേശിക്കുമായിരുന്നു. അയിത്തക്കാരനെന്നോ അയിത്തമില്ലാത്തവനെന്നോ ഭാവിക്കുന്നത് ശരിയല്ല. തോട്ടിയെയും ചെരുപ്പുകുത്തിയെയും അകറ്റിനിറുത്തുന്ന പ്രവണത പൊതുവെ കണ്ടുവരാറുണ്ട്. അവരെ തൊടരുതെന്ന് പറയുന്നു. ഒരാളെ ശുദ്ധനും അശുദ്ധനുമാക്കിത്തീർക്കുന്നത് അയാളുടെ കർമമാണ്.
സമരത്തിൽ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ട്  ആഗാഖാൻ കൊട്ടാരത്തിൽ കഴിയുകയായിരുന്നു ഗാന്ധിജി. പരുക്കൻ ചെരിപ്പാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അതിന്റെ വള്ളി പൊട്ടിപ്പോയി. അടുത്ത ദിവസം ചെരിപ്പുകുത്തിക്ക് കൊടുത്ത് അത് തുന്നിക്കണമെന്ന് ചിന്തിച്ചിരുന്നു. എന്നാൽ മനു ഗാന്ധിജിയെ അറിയിക്കാതെ ചെരിപ്പ് തുന്നാൻ കൊടുത്തയച്ചു.
ഗാന്ധിജി ചെരിപ്പുകാണാതെ അന്വേഷണം തുടങ്ങി. മനു തുന്നാൻകൊടുത്ത കാര്യം ഗാന്ധിജിയെ ധരിപ്പിച്ചു.
തുന്നാൻ കൊടുത്തോ? വെറുതെ തുന്നില്ലല്ലോ ..കൂലി കൊടുക്കേണ്ടേ?
എട്ടണ കൊടുക്കണം.
എട്ടണയോ... എങ്ങനെ കൊടുക്കും. നമുക്കെന്താ സമ്പാദ്യമുണ്ടോ?
മനു വല്ലാതായി. ബാപ്പു പറഞ്ഞത് ശരിയാണ്. എട്ടണ കൊടുക്കുക പ്രയാസമായിരുന്നു. ഉടനെ അവർ ചെരുപ്പുകുത്തിയുടെ അടുത്തേക്ക് പോയി. ചെരുപ്പുകുത്തി തുന്നാനുള്ള ഒരുക്കത്തിലായിരുന്നു. അന്നയാൾക്ക് ആദ്യം കിട്ടിയ ചെരുപ്പാണ്. ചെരിപ്പ് തിരികെ തരണമെന്ന് മനു പറഞ്ഞു.
തുന്നാതെ ചെരിപ്പ് തരുന്നത് ശകുനക്കേടാണ്. അതുകൊണ്ട് തുന്നിത്തരാം.
ഇത് ബാപ്പുജിയുടെചെരിപ്പാണ്. ദയവായി തിരികെ തരണം.
ബാപ്പുജി എന്നു കേട്ടപ്പോൾ ചെരുപ്പുകുത്തിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി.
സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന മഹാനാണ് ഗാന്ധിജി എന്ന് അയാൾ കേട്ടിരുന്നു. അങ്ങനെയുള്ള ഒരു മഹാന്റെ ചെരുപ്പ് തുന്നാനുള്ള അവസരം കിട്ടിയത് മഹാഭാഗ്യമായി അയാൾ കരുതി. ഒരുസേവനമെന്ന നിലയിൽ അയാൾ ചെരുപ്പ് തുന്നിക്കൊടുത്തു. മനു ചെരിപ്പു വാങ്ങി വേഗത്തിൽ നടന്നു. മനുവിന്റെ പിന്നാലെ ചെരുപ്പുകുത്തിയും ഗാന്ധിജിയുടെ മുന്നിലെത്തി. ഗാന്ധിജി അതിഥികളോട് സംസാരിക്കുകയായിരുന്നു. മനു ചെരിപ്പ് ഗാന്ധിജിയുടെ മുന്നിൽ വച്ചു. ഗാന്ധിജി അത് എടുത്തു നോക്കി. ഭംഗിയായി തുന്നിയിരിക്കുന്നു. ചെരിപ്പുകുത്തി തൊഴുതുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം അയാളെ അഭിനന്ദിച്ചു. എന്നെയും ചെരിപ്പു തുന്നാൻ പഠിപ്പിക്കുമോ എന്ന് ഗാന്ധിജി ചോദിച്ചു.
ചോദ്യം കേട്ട് ചെരുപ്പുകുത്തി അമ്പരന്നു. മഹാനായ ഗാന്ധിജി ചെരുപ്പുതുന്നാൻ പഠിക്കുകയോ?
അമ്പരപ്പൊന്നും വേണ്ടെന്ന് ഗാന്ധിജി പറഞ്ഞു. താൻ കാര്യമായി ചോദിച്ചതാണ്. ചെരിപ്പു ഇനിയും പൊട്ടിപ്പോയേക്കാം. അപ്പോൾ സ്വയം തുന്നാനാകുമല്ലോ. ചെരുപ്പുകുത്തി ഗാന്ധിജിയുടെ മുന്നിൽ കുനിഞ്ഞിരുന്നു. ഉടനെ ഗാന്ധിജി അയാളെ പിടിച്ചെഴുന്നേല്പിച്ചു സ്വന്തം ഇരിപ്പിടത്തിലിരുത്തി. അയാളെ ഗുരുനാഥനായി സ്വീകരിച്ച് ചെരുപ്പുതുന്നാൻ പഠിച്ചു. ചെരുപ്പുകുത്തി അയിത്തജാതിയിൽപ്പെട്ടതായിരുന്നു.  വിദ്യ പകർന്നു നൽകിയ ഗുരുവായി ഗാന്ധിജി അദ്ദേഹത്തെ സ്വീകരിച്ചു. മനു അത്ഭുതത്തോടെ നിൽക്കുകയായിരുന്നു. ഇത് തനിക്കുള്ള ഗുണപാഠമാണെന്ന് അവൾക്ക് തോന്നി. ജീവജാലങ്ങളെയെല്ലാം ഒരേ ചൈതന്യത്തിന്റെ അംശമായിട്ടാണ് ഗാന്ധിജി കണക്കാക്കുന്നത്.
ഒരു തവണ ഒരു വക്കീൽ ആശ്രമത്തിൽ കഴിയാനെത്തി. ഗാന്ധിജിയുടെ ദേശാഭിമാന പ്രവർത്തനങ്ങളിൽ പ്രചോദിതനായിട്ടാണ് വക്കീൽ വന്നെത്തിയത്. ആ സമയം ഗാന്ധിജി അടുക്കളയിലേക്കുള്ള ധാന്യം വൃത്തിയാക്കുകയായിരുന്നു. മടിയിലുള്ള മുറത്തിൽ ധാന്യങ്ങളിട്ട് അതിലെ കല്ലു പെറുക്കി മാറ്റുകയായിരുന്നു.കോട്ടും സൂട്ടും ധരിച്ചെത്തിയ വക്കീലിനെ ഗാന്ധിജി ശ്രദ്ധിച്ചു.  പിന്നെ പറഞ്ഞു. ശരി, ഇവിടെയിരിക്ക് ഈ ധാന്യം വൃത്തിയാക്ക്..
വക്കീൽ അമ്പരന്നുപോയി. ഇതൊക്കെ വേലക്കാരുടെ പണിയല്ലേ...മറ്റു വല്ല ജോലിയും കിട്ടുമെന്നാണ് അയാൾ കരുതിയിരുന്നത്.
വക്കീലായാലും ധാന്യം പെറുക്കി വൃത്തിയാക്കാം. ഗാന്ധിജി പറഞ്ഞു.
മനുഷ്യ ജീവിതം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. അവയെ പൊരുത്തപ്പെടുത്തി മുന്നോട്ടു നീങ്ങണമെന്ന് ഗാന്ധിജി പറയുമായിരുന്നു. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അവനവൻ തന്നെയാണ്. തന്നത്താനറിയാതെ ലോകം നന്നാക്കാനാവില്ല.
ഒരു യൂറോപ്യൻ സന്ദർശകൻ ഒരിക്കൽ ഗാന്ധിജിയെ സമീപിച്ചു. സംഭാഷണങ്ങൾക്കിടയിൽ അയാൾ ചോദിച്ചു.'' താങ്കളുടെ കുടുംബ സ്ഥിതി എങ്ങനെയുണ്ട്?""
''ഇന്ത്യയാണ് എന്റെ കുടുംബം. കാലത്ത് നാലുമണിമുതൽ രാത്രി ഒമ്പതുമണിവരെ ആ കുടുംബത്തിനുവേണ്ടി ഞാൻ പണിയെടുക്കുന്നു.""
ഒരിക്കൽ കുറേ കുട്ടികൾ ഗാന്ധിജിയെ സന്ദർശിച്ചു. അവരുമായി സംസാരിക്കുന്നതിനിടയിൽ ഒരു കുട്ടിക്ക് സംശയമുണ്ടായി. അപ്പൂപ്പനെന്താ കുപ്പായമിടാത്തത്.
എനിക്ക് കുപ്പായമില്ലല്ലോ മക്കളേ
കുപ്പായമില്ലെന്നോ?
അതെ
ഞാൻ അപ്പൂപ്പന് കുപ്പായം തുന്നിക്കൊണ്ടുവരട്ടെ?
എത്ര കുപ്പായം തുന്നിക്കൊണ്ടുവരും?
മൂന്നോ നാലോ എണ്ണം പോരേ?
മക്കളേ, എനിക്ക് മൂന്നോ നാലോ മതിയാവില്ല. ഇന്ത്യയിൽ കുപ്പായമിടാതെ കഴിയുന്ന അനേകം പേരുണ്ട്. അവർക്കെല്ലാം കുപ്പായം വേണം.
കുട്ടികൾ ഗാന്ധിജിയെ അമ്പരപ്പോടെ നോക്കിയിരുന്നു.അതായിരുന്നു ഗാന്ധിജി.