വൃദ്ധസദനത്തിലേക്ക് സ്കൂൾ വിദ്യാർത്ഥികളായ രണ്ടു ആൺമക്കളെയും ഷാജി കൂട്ടിക്കൊണ്ടുപോയി എന്നറിഞ്ഞ് പല കൂട്ടുകാരും കളിയാക്കി. കൊച്ചുകുട്ടികൾക്കെന്തറിയാം, കളിച്ചു രസിക്കേണ്ട പ്രായമല്ലേ, വലിയ ഭാരമെടുത്തു കുട്ടികളുടെ തലയിൽ വച്ചുകൊടുക്കാമോ എന്നൊക്കെയായിരുന്നു അവരുടെ വാദഗതികൾ. ഷാജി പുഞ്ചിരിയോടെ അതെല്ലാം നേരിട്ടു: കുട്ടികൾ എല്ലാം കാണട്ടെ. ശരിയും തെറ്റും മനസിലാക്കട്ടെ. മാമ്പൂവല്ലേ, മാമ്പഴമായി മാറുന്നത്.
വൃദ്ധസദനത്തിൽ പോയി വന്നശേഷം കുട്ടികൾ ഭാര്യയോട് അവിടത്തെ കാര്യങ്ങൾ പറയുന്നത് ഷാജി കേട്ടു: ആ അപ്പൂപ്പൻ അച്ഛന്റെ വലിയ കൂട്ടുകാരനാ. ഒരേക്കർ സ്ഥലം സ്വന്തമായിരുന്ന ഉണ്ടായിരുന്ന ആളാ. അതിൽ പകുതി മകന്റെ വിദ്യാഭ്യാസത്തിനായി വിറ്റു. ബാക്കി മകളെ കെട്ടിച്ചയക്കാനും. അവസാനകാലം വരെ സ്വന്തമായി പണിയെടുക്കണം. അതിൽ നിന്നും കിട്ടുന്ന കാശിന് മൂല്യം കൂടുതലാണ്. ആരോടും കണക്ക് പറയേണ്ട. ആരുടെയും മുന്നിൽ കൈ നീട്ടണ്ട. ഇഷ്ടപ്രകാരം ചെലവഴിക്കാം. കൂലിവേലയ്ക്ക് പോകുന്നത് മക്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ആ അപ്പൂപ്പൻ വക വച്ചില്ല. രോഗങ്ങൾ കുറേശേ വന്നു തുടങ്ങിയപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലേ കൂലിവേലയ്ക്ക് പോയിരുന്നുള്ളൂ. അതിൽ നിന്നും കിട്ടുന്ന പണം ഭദ്രമായി ഭാര്യയെ ഏൽപ്പിക്കും.
മകൾ അൽപ്പം ദൂരെയാണ് താമസം. സാമ്പത്തികവും തരക്കേടില്ല. വല്ലപ്പോഴും വരുമ്പോൾ അമ്മ ആരുമറിയാതെ സ്നേഹത്തോടെ കൈമടക്ക് നൽകും. എത്ര വാങ്ങിയാലും അതിനനുസരിച്ചുള്ള സന്തോഷം മുഖത്തുവരാറില്ലെന്നു മാത്രം. മകൻ ഒന്നിനെയും അംഗീകരിക്കാത്ത പ്രകൃതിക്കാരൻ. ഈശ്വരനെയും രാഷ്ട്രീയക്കാരെയും നാട്ടുകാരെയും എല്ലാം ചീത്ത പറയും. ആരും ശരിയല്ല, ഒന്നും ശരിയല്ല എന്നാണ് നിലപാട്. മകനും കുടുംബവും അച്ഛനമ്മമാർക്കൊപ്പം വാടകവീട്ടിലാണ് താമസം. ഇടയ്ക്കിടെ രക്ഷിതാക്കളെ ആട്ടോ പിടിച്ച് ആശുപത്രിയിൽ കൊണ്ടുപോകണം. ഡോക്ടറെ കാണണം. രക്തവും മൂത്രവും പരിശോധിക്കണം അതിന്റെ നീരസം മകന്റെ മുഖത്ത് പ്രകടമാക്കും. മകനും ഭാര്യയും അനാവശ്യമായി വഴക്കടിക്കും. വാഗ്വാദം ചിലപ്പോൾ അതിരുകടക്കുകയും ചെയ്യും. എല്ലാം തന്നോടുള്ള ദേഷ്യമാണെന്ന് അച്ഛന് തോന്നി തുടങ്ങി. ഏതെങ്കിലും വൃദ്ധസദനത്തിൽ പോയാലോ എന്ന ചിന്ത അങ്ങനെ നാമ്പിട്ടു. പക്ഷേ, ഭാര്യയെയും ഒപ്പം കൂട്ടണം. വൃദ്ധദമ്പതികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾ കുറവ്. ഒന്നുകിൽ പുരുഷനെ അല്ലെങ്കിൽ സ്ത്രീയെ. അന്വേഷണത്തിനിടയിലാണ് രണ്ടുപേർക്കും അഭയം നൽകുന്ന സ്ഥാപനത്തെപ്പറ്റി കേട്ടത്. ചില വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ട് ഒരു ദിവസം മക്കളോട് ചെറിയൊരു സൂചന നൽകിയശേഷം ഇരുവരും ഒരു ആട്ടോയിൽ കയറിപ്പോയി. റോഡിൽവച്ച് മകൻ കണ്ടെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. ഒരു മാസം കഴിഞ്ഞപ്പോൾ മകൾ വന്നു. കുശലങ്ങൾ ചോദിച്ചു. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ സംസ്കാരത്തിന് ശരീരമെങ്കിലും വിട്ടു നൽകണമെന്ന് പറഞ്ഞപ്പോൾ അവിടെ അങ്ങനെ ഒരു വ്യവസ്ഥയില്ല, അവർ തന്നെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്ന കാര്യം ആ വ്യവസ്ഥയും അംഗീകരിച്ച് ഒപ്പിട്ടുകൊടുത്താണ് പ്രവേശിച്ചതെന്ന് മാതാപിതാക്കൾ കണ്ണുകൾ ഒപ്പിക്കൊണ്ട് പറഞ്ഞു. വിഷമിച്ചാണ് മകൾ മടങ്ങിയത്.
മക്കൾ പതിനഞ്ചുവർഷം ജീവിച്ചുപഠിച്ചാൽ കിട്ടുന്ന അറിവ് ആ സന്ദർശത്തിലൂടെ കിട്ടിയെന്ന് പറഞ്ഞുകൊണ്ട് ഷാജി ആ സംഭാഷണത്തിലേക്ക് കയറി വന്നു. ആ സമയം മൂത്തമകൻ പറഞ്ഞു, അവിടെ കഴിയുമ്പോഴും പാവം ആ അച്ഛനമ്മമാർ ചോദിച്ചതൊക്കെ മക്കളെപ്പറ്റി മാത്രമായിരുന്നു. മക്കളെ കാണാറുണ്ടോ, പേരക്കുട്ടികളെ കാണാറുണ്ടോ, അവർക്കൊക്കെ സുഖമാണോ എന്നൊക്കെ. അപ്പോൾ ഇളയക്കുട്ടി ഷാജിയുടെ കൈയിൽ പിടിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു, ആരോരുമില്ലാത്ത അവരെ വല്ലപ്പോഴും പോയി കാണണം.