സ്വന്തം ഹിതങ്ങളെയും താത്പര്യങ്ങളെയും ചേർത്തുപിടിച്ചു കൊണ്ട്, ചാഞ്ഞും ചരിഞ്ഞും ചിലപ്പോൾ സത്യങ്ങളെ തന്നെ മറന്നും കേരള ചരിത്രം ചമച്ച 'ബുദ്ധിമാന്മാരായ" ചില ചരിത്രകാരന്മാരുണ്ട്. യാഥാർത്ഥ്യങ്ങളുമായി തെല്ലും ബന്ധമില്ലാത്ത പലതും അവരുടെ രചനകളിൽ കടന്നുകൂടിയിട്ടുള്ളത് തീർത്തും യാദൃച്ഛികമെന്ന് കരുതാനുമാവില്ല. അത്തരം രചയിതാക്കൾക്കുള്ള കുറിക്കുകൊള്ളുന്ന മറുപടിയാണ് 'ഈഴവാസ്/തീയാസ് ഒഫ് കേരള ആൻഡ് ദെയർ ബുദ്ധിസ്റ്റ് ട്രഡീഷൻസ് ഒഫ് ആയുർവേദ ആൻഡ് മാർഷ്യൽ ആർട്സ് "എന്ന ബൃഹത്തായ ഇംഗ്ളീഷ് ഗ്രന്ഥം. കേരള ചരിത്രത്തിൽ ഈഴവ/ തീയ്യ സമുദായങ്ങൾക്കുള്ള പ്രാമുഖ്യവും അവരുടെ കനത്ത സംഭാവനകളും കണ്ടില്ലെന്ന് നടിച്ച് , ആ വിഭാഗങ്ങളെ അവമതിപ്പോടെ തങ്ങളുടെ രചനകളിൽ വിളക്കിച്ചേർത്തവർക്ക് കാലം കരുതിവച്ച മറുപടിയാണ് ഈ ഗ്രന്ഥം.
'സുഗതർ വീരാൾ പണിക്കൻ" (സുഗതൻ വി.പി) എന്ന 74 കാരനാണ് ഏറെ ശ്രമകരമായ ഈ ഗ്രന്ഥരചന നിർവഹിച്ചത്.ഉറക്കവും പലപ്പോഴും ഭക്ഷണവും ഉപേക്ഷിച്ച് പത്തുവർഷത്തോളം തുടർച്ചയായി നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ സാർത്ഥകമായ പരിസമാപ്തിയാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള പുസ്തകം. ചരിത്രാന്വേഷണ കുതുകികളും സമുദായചരിത്രത്തിൽ അഭിമാനം കൊള്ളുന്നവരുമായ നിരവധി പേർ ഇതിനകം ഈ പുസ്തകം സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിൽ ബുദ്ധിസം ഉണ്ടായിരുന്നില്ലെന്ന സത്യവിരുദ്ധമായ കണ്ടെത്തലിനെ കൃത്യമായ തെളിവുകളുടെ പിൻബലത്തിൽ പുറംതള്ളുകയാണ് സുഗതൻ.ഈഴവ / തീയ്യരുടെ 2300 വർഷത്തെ സാമൂഹിക ചരിത്രവും ബൗദ്ധ പാരമ്പര്യങ്ങളായ ആയുർവേദം, കളരി തുടങ്ങിയ സമ്പ്രദായങ്ങളെയുമാണ് സമഗ്രമായി തന്റെ രചനയിൽ അദ്ദേഹം പ്രതിപാദിക്കുന്നത്.
സ്വന്തം വംശത്തിന്റെ കാഴ്ചപ്പാടിൽ മറ്റുവംശങ്ങളെ വിലയിരുത്തുന്ന, തെറ്രായ മുൻഗണനാക്രമത്തിലൂടെ ബുദ്ധമതവിശ്വാസികൾ കേരളത്തിന് നൽകിയ സംഭാവനകളെ മറച്ചുപിടിക്കുകയായിരുന്നു ചരിത്രകാരന്മാർ. ആയുർവേദത്തിലും കരകൗശലരംഗത്തും ശാസ്ത്രീയമായ നെൽകൃഷിയുടെയും തെങ്ങുകൃഷിയുടെയും വ്യാപനത്തിലും ഈ വിഭാഗം കാട്ടിയ നൈപുണ്യം തരിമ്പുപോലും പരിഗണിക്കാൻ ആരും തയ്യാറായില്ല. ഈ അവഗണനയും അവഹേളനവും അംഗീകരിക്കാൻ മനസില്ലാത്തിനാലാണ് ഒരു വെല്ലുവിളിയായി ഗ്രന്ഥരചന സുഗതൻ സ്വയം ഏറ്റെടുത്തത്. 2009-ൽ 64-ാം വയസിലാണ് ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ അദ്ദേഹം തുടങ്ങിയത്. വിവരശേഖരണമായിരുന്നു ഏറെ ശ്രമകരം. കേരളത്തിന്റെ നാനാഭാഗങ്ങളിലായി നിരന്തരം യാത്രകൾ. നീണ്ട ഒമ്പതുവർഷങ്ങൾ കൊണ്ട് എഴുത്ത് ഒരു വിധം പൂർത്തിയാക്കി. അതിന്റെ എഡിറ്രിംഗിനും പേജ് ക്രമീകരണത്തിനും വീണ്ടും ഒരു വർഷം കൂടി വേണ്ടിവന്നു. 2019 മെയ് അഞ്ചിന് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിലാണ് തന്റെ സ്വപ്നപദ്ധതി പൊതുസമൂഹത്തിലേക്ക് എത്തിയത്. ബംഗളുരു ലോക് രത്ന ബുദ്ധവിഹാരത്തിന്റെ മേധാവി അഭിവന്ദ്യ ഭിക്ഷു വിനയ രഖിതയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അസാധാരണ ഗ്രന്ഥം
കൈകാര്യം ചെയ്യുന്ന വിഷയം പോലെ തന്നെ സങ്കീർണമാണ് ഈ പുസ്തകത്തിന്റെ ഘടനയും. മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുള്ള പുസ്തകത്തിന് 650 ഓളം പേജുകളുണ്ട്. ആകെ 98 അദ്ധ്യായങ്ങൾ. അത്യപൂർവങ്ങളായ 380 ഓളം ചിത്രങ്ങൾ ഓരോ അദ്ധ്യായത്തിനൊപ്പവും ഉചിതമായവിധത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഭൂതകാല കേരളത്തിലെ ബുദ്ധിസത്തിന്റെ നിലനിൽപ്പും ഈഴവ/ തീയ്യ വിഭാഗങ്ങളുടെ സാമൂഹിക ചരിത്ര പശ്ചാത്തലവുമാണ് ആദ്യ 45 അദ്ധ്യായങ്ങളിൽ വിശദീകരിക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ആയുർവേദത്തിന്റെ സ്വാധീനവും ഈഴവ / തീയ്യ വിഭാഗങ്ങളിൽപ്പെട്ട പ്രമുഖ ആയുർവേദ ചികിത്സകരെക്കുറിച്ചും അവരുടെ കുടുംബ പശ്ചാത്തലവുമാണ് 33 അദ്ധ്യായങ്ങളുള്ള രണ്ടാം ഭാഗത്തിൽ വിവരിക്കുന്നത്.കേരളത്തിൽ പരമ്പരാഗത ആയോധനകലകളുടെയും കളരികളുടെയും വികാസപരിണാമങ്ങളും അവയുമായി ബന്ധപ്പെട്ട കുടുംബങ്ങളെയും പരിചയപ്പെടുത്തുന്നതാണ് മൂന്നാം ഭാഗത്തിലെ 20 അദ്ധ്യായങ്ങൾ. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ആധുനിക കളരികളെയും അവിടുത്തെ ഗുരുക്കളെയും കുറിച്ചുള്ള വിശദാംശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്രൗൺ 1/4 വലിപ്പത്തിൽ, ആർട്ട് പേപ്പറിൽ ബഹുവർണത്തിലാണ് പുസ്തകത്തിന്റെ അച്ചടി.സ്വന്തം അദ്ധ്വാനത്തിൽ നിന്ന് സ്വരുക്കൂട്ടിയ പത്തു ലക്ഷത്തോളം രൂപയാണ് തന്റെ സ്വപ്നസാക്ഷാത്കാരത്തിന് സുഗതൻ ചെലവഴിച്ചത്.
യാഥാർത്ഥ്യത്തിന്റെ വഴിയായിരുന്നു ലക്ഷ്യം
ബോധപൂർവം മറച്ചുവയ്ക്കപ്പെട്ട യാഥാർത്ഥ്യങ്ങളെ ലോകത്തിന് മുന്നിൽ കൊണ്ടുവരികയായിരുന്നു തന്റെ ലക്ഷ്യമെന്ന് സുഗതൻ പറയുന്നു.' ആരെയും മനപൂർവം അവഹേളിക്കാനല്ല, മറിച്ച് വളച്ചൊടിക്കപ്പെട്ട ചില സത്യങ്ങൾ പുറത്തുകൊണ്ടുവരിക മാത്രമാണ് ഉദ്ദേശം. കേരളചരിത്രം രചിച്ച , ഏറെ ആദരവ് ലഭിച്ചിട്ടുള്ള ഒരു ചരിത്രകാരൻ വിശ്വസിച്ചിരുന്നത് കേരളത്തിലെ ഈഴവ സമുദായത്തിന്റെ പ്രധാന തൊഴിൽ കള്ളുചെത്ത് ആണെന്നാണ്. കണക്കറ്റ ഭൂസ്വത്ത് കൈവശം വച്ചതിലൂടെ നമ്പൂതിരി വിഭാഗത്തിന് ലഭിച്ച ജന്മിസ്ഥാനത്തെക്കുറിച്ചും സമ്പദ്ഘടനയിലുണ്ടായ പുരോഗതിയെക്കുറിച്ചുമെല്ലാം അദ്ദേഹം വിവരിക്കുന്നു. വൈദിക പ്രവർത്തനങ്ങളാണ് തങ്ങളുടെ കർമ്മരംഗം എന്ന ധാരണയുള്ളതിനാൽ, മറ്റു തൊഴിലുകൾ ചെയ്യുന്നത് നമ്പൂതിരിമാർ അപമാനകരമായി കരുതിയിരുന്നുവെന്നും വിശദമാക്കുന്നു.
നാടിന്റെ സംരക്ഷണ ചുമതലയുള്ള നായർ വിഭാഗവും കള്ള് ചെത്തുകാരായ ഈഴവ വിഭാഗവും കാർഷിക മേഖലയിൽ പണിയെടുക്കുന്ന പുലയസമുദായവുമടക്കം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ രൂപപ്പെട്ടത് അങ്ങനെയാണെന്നുമാണ് ഇതേ ചരിത്രകാരൻ വിശേഷിപ്പിച്ചിട്ടുള്ളത്.സുരക്ഷാ കാര്യങ്ങൾക്ക് നായർവിഭാഗത്തെയും കാർഷികജോലികൾക്ക് പുലയവിഭാഗത്തെയും ആശ്രയിച്ച നമ്പൂതിരിമാർ ,കള്ളുചെത്തുകാരെ ആശ്രയിച്ചതെന്തിനെന്ന ചോദ്യം ഇവിടെയാണ് പ്രസക്തമാവുന്നത്. അതിന്റെ യുക്തി കൂടിയാണ് എന്റെ ഗ്രന്ഥത്തിൽ ഞാൻ വിശകലനം ചെയ്യുന്നത്."" സുഗതൻ വ്യക്തമാക്കുന്നു.
ശ്രീ എം എന്ന അത്ഭുതം
ചിന്താതലത്തിൽ അത്ഭുതമായി നിൽക്കുന്ന 'ശ്രീ എം" നെ കാണാനും അദ്ദേഹവുമൊത്ത് കുറച്ച് നിമിഷങ്ങൾ ചെലവിടാനും കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു അനുഗ്രഹമായി സുഗതൻ കരുതുന്നു.2015- ൽ കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്ക് ശ്രീ എം നടത്തിയ പദയാത്രയ്ക്കിടെയാണ് കൊടുങ്ങല്ലൂരിൽ വച്ച് അദ്ദേഹത്തെ കാണാൻ സാധിച്ചത്. വലിയ ആൾക്കൂട്ടത്തിന് ഇടയിൽ നിന്നാണ് ശ്രീ എം തന്നെ അടുത്തേക്ക് ക്ഷണിച്ചതെന്നത് അഭിമാനത്തോടെ സുഗതൻ ഓർക്കുന്നു. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് താൻ ചോദിച്ച ഒരു ചോദ്യത്തിന്, ശ്രീ എം നൽകിയ മറുപടി ഏറെ ചിന്തിപ്പിക്കുന്നതായിരുന്നു.'ഗുരുവിന്റെ ദർശനവും പ്രവൃത്തികളും അമാനുഷികവും ദിവ്യവുമായ തന്റെ വ്യക്തിഗത അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാലാണ് അക്കാലത്ത് ഗുരുവിന് ഭയമില്ലാതെ സംസാരിക്കാനും ധൈര്യത്തോടെ പ്രവർത്തിക്കാനും കഴിഞ്ഞത്.' ഇതായിരുന്നു ശ്രീ എം. പറഞ്ഞ വാക്കുകൾ.അദ്ദേഹം കുറിച്ച ആ വാക്കുകൾ നിധിപോലെയാണ് ഇപ്പോഴും സൂക്ഷിക്കുന്നത്.
സുഗതൻ - മഹത്തായ പാരമ്പര്യത്തിന്റെ കണ്ണി
പ്രസിദ്ധമായ കൊടുങ്ങല്ലൂർ വള്ളോംപറമ്പത്ത് പണിക്കശ്ശേരി വി.പി.ശങ്കുണ്ണിയുടെയും അരയമ്പറമ്പിൽ കണ്ണപ്പൻ അധികാരി മകൾ ദേവകിയുടെയും എട്ടുമക്കളിൽ ഇളയതാണ് സുഗതൻ.കൽക്കട്ട തിസീസുമായി ബന്ധപ്പെട്ട് 1948-ൽ കേരളത്തിന്റെ ചിലഭാഗങ്ങളിലും അക്രമങ്ങളുണ്ടായി. അന്ന് ചാലക്കുടി പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറാണ് പിതാവ് ശങ്കുണ്ണി. പരിയാരത്ത് ഇഞ്ചക്കുണ്ടിൽ കർഷകർ തമ്മിലുള്ള ഒരു അതിർത്തി തർക്കത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ, അപ്രതീക്ഷിതമായി പ്രകോപിതരായ കർഷകർ നടത്തിയ ആക്രമണത്തിൽ പിതാവ് കൊല്ലപ്പെട്ടപ്പോൾ, സുഗതന് മൂന്ന് വയസ് മാത്രം. എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാഭ്യാസ കാലത്ത് വയലാർ രവി തന്റെ സീനിയറായിരുന്നു. ഡോ.സെബാസ്റ്റ്യൻപോൾ സഹപാഠിയും. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം എഫ്.സി. ഐയിൽ ഉദ്യോഗസ്ഥനായി. മദ്ധ്യപ്രദേശിലെ ജബൽപൂരിൽ ജോലി ചെയ്യുമ്പോൾ പ്രൈവറ്റായി പഠിച്ച് എം.എ കരസ്ഥമാക്കി.1969 ൽ എസ്.ബി.ഐയിൽ ഉദ്യോഗസ്ഥനായി. പിന്നീട് സി.എ.ഐ.ഐ ബി യും കരസ്ഥമാക്കി.എസ്.ബി.ഐയുടെ മിഡിൽ മാനേജ്മെന്റ് ഓഫീസറായിരിക്കെ 2001-ൽ സ്വയം വിരമിച്ചു.
ആയിരത്തിലേറെ വർഷം പാരമ്പര്യമുള്ള വള്ളോംപറമ്പത്ത് പണിക്കശ്ശേരി കുടുംബ പുരാണത്തിന്റെ രചനയ്ക്ക് കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ അവാർഡ് ലഭിച്ചു. കണ്ടങ്ങത്ത് ഭാസ്കരന്റെ മകൾ മൃദുലയാണ് ഭാര്യ. എം.എസ്സിയിൽ ഒന്നാം റാങ്കും ബി.എഡും. മക്കൾ:ജയസൂര്യ, ടാറ്റാ എലക്സിയിൽ സ്പെഷ്യലിസ്റ്ര് ഡിസൈനർ.അദ്ദേഹത്തിന്റെ ഭാര്യ വിദ്യജയസൂര്യ കാര്യവട്ടം ഗവൺമെന്റ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ. മറ്റൊരു മകനായ അഖിലേഷ് ചെന്നൈയിൽ ആർ.ആർ ഡോൺലിയിൽ സീനിയർ റിസർച്ച് അനലിസ്റ്ര്.ഭാര്യ മിനു അഖിലേഷ് ചെന്നൈയിൽ എൻജിനിയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ.
സുഗതൻ വി.പിയുടെ ഫോൺ:99613 84538,
ഇമെയിൽ:sugatarveeralpanicken@gmail.com