ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വേഗമേറിയ താരമായി അമേരിക്കയുടെ ക്രിസ്റ്ര്യൻ കോൾമാൻ. കായിക ലോകം ആകാംഷയോടെ കാത്തിരുന്ന പുരുഷൻമാരുടെ നൂറ് മീറ്ററിൽ 9.76 സെക്കൻഡിൽ ശരവേഗത്തിൽ ഫിനിഷ് ചെയ്താണ് കോൾമാൻ ദോഹയിൽ വേഗരാജാവായത്.
കോൾമാന്റെ കരിയറിലെ ഏറ്രവും മികച്ച സമയമാണിത്. 37-ാം വയസിലും തളരാത്ത പോരാട്ട വീര്യവുമായി നിലവിലെ ചാമ്പ്യനും കോൾമാന്റെ നാട്ടുകാരനുമായ ജസ്റ്റിൻ ഗാട്‌ലിൻ 9.89 സെക്കൻഡിൽ വെള്ളി നേടി. കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ 9.90 സെക്കൻഡിൽ പേഴ്സണൽ ബെസ്റ്റ് പ്രകടനത്തോടെ മൂന്നാം സ്ഥാനം നേടി.
അതേ സമയം ഏറെ പ്രതീക്ഷയോടെയെത്തിയ ജമൈക്കയുടെ യോഹാൻ ബ്ലേക്കിന് (9.97സെക്കൻഡ്) അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 9.88 സെക്കൻഡിലാണ് സെമിയിൽ കോൾമാൻ ഫിനിഷ് ചെയ്‌തത്. ഹീറ്റ്‌സിലും സെമിയിലും 10 സെക്കൻഡിൽ താഴെ ഓടിയെത്തിയ ഒരേ ഒരു താരം കോൾമാനായിരുന്നു.
കഴിഞ്ഞ തവണ ഗാട്ലിന്റെ പിന്നിൽ വെള്ളിയിലൊതുങ്ങിയ കോൾമാന് ഇത്തവണ അതേ ഗാട്ലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സുവർണ നേട്ടത്തോടെ മധുരപ്രതികാരം ചെയ്യാനും കഴിഞ്ഞു.