ഫോട്ടോഗ്രാഫി പഠിക്കുന്നവർ വെളിച്ചത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. കാമറ എന്ന ഉപകരണം കൊണ്ടാ ണ് ഫോട്ടോ എടുക്കുന്നതെങ്കിലും അമിതമായ വെളിച്ചത്തേയും വെളിച്ചമില്ലായ്മയെയും നിയന്ത്രിക്കേണ്ടത് അത് ഉപയോഗിക്കുന്ന വ്യക്തിയാണ്. ആക്സിലേറ്ററും ഗിയറും ബ്രേക്കുമെല്ലാം വാഹനത്തിലുണ്ടെങ്കിലും അതിനെ നിയന്ത്രിക്കേണ്ടത് അത് ഓടിക്കുന്ന ആളാണല്ലോ! ജീവിതത്തിൽ കാണുകയും മിന്നി മറയുകയും ചെയ്യുന്ന കാഴ്ചകളും സംഭവങ്ങളും തിരിച്ചുവരില്ല എന്ന തിരിച്ചറിവ് ഇന്ന് സാധാരണക്കാർക്കുപോലും ഉണ്ട്. അതാണ് നല്ലതായാലും ചീത്തയായാലും അത് പകർത്തണം എന്ന ചിന്തയുമായി എവിടെയും മൊബൈലുമായി ജനം എത്തുന്നത്. അവയൊക്കെ വെട്ടും തിരുത്തും ഒന്നുമില്ലാതെ പുറംലോകത്ത് എത്തിക്കാൻ സോഷ്യൽ മീഡിയ ഇന്ന് അവസരവും നൽകുന്നു.
ഞാൻ എന്നും ഒരു ഛായാഗ്രഹണ പരീക്ഷണ വിദ്യാർത്ഥിയാണ്. തീപ്പെട്ടി ഉരയ്ക്കുമ്പോൾ ആദ്യം നല്ല ശക്തിയുള്ള ഒരു പ്രകാശം വരും. തുടർന്നാണ് സാധാരണ വെളിച്ചം വരുന്നത്. ആ പ്രകാശത്തിലും വെൽഡ് ചെയ്യുമ്പോഴുണ്ടാകുന്ന വെളിച്ചത്തിലും മഗ്നീഷ്യം റിബൺ കത്തുന്ന പ്രകാശത്തിലുമൊക്കെ ബിഗിനറായിരുന്നപ്പോൾ തന്നെ ഫോട്ടോകളെടുത്ത് ഞാൻ പരീക്ഷിച്ചിരുന്നു. എന്നാൽ ഈ അടുത്ത സമയത്താണ് വേറെ ഒരു രസകരമായ പരീക്ഷണം നടത്തിയത്. നാട്ടിലെപ്പോലെ ഊട്ടിയിലും ഏപ്രിൽ ഉത്സവകാലമാണ്. എന്നും തണുത്തുറഞ്ഞ ഈ നാട്ടിൽ പിന്നെ വലിയ ആഘോഷമാണ്. കൂട്ടത്തിൽ ചിലയിടങ്ങളിൽ മേമ്പൊടിക്ക് വെടിക്കെട്ടുകളും ഉണ്ടാകും. കാണാതിരുന്നു കാണുന്ന കമ്പവും പടക്കങ്ങളുമൊക്കെ ഈ മലമുകളിലുള്ളവർക്ക് വലിയ ഹരമാണ്. അങ്ങനെ കഴിഞ്ഞ ഏപ്രിലിൽ കൂനൂരിലെ മാരിയമ്മൻ ക്ഷേത്രോത്സവത്തിനു നടത്തിയ വെടിക്കെട്ടിൽ മുകളിൽപ്പോയി പൊട്ടിവിരിഞ്ഞ വർണ അമിട്ടിന്റെ വെളിച്ചം കൊണ്ടുമാത്രം രാത്രി പതിനൊന്നു മണിക്ക് ശേഷം എടുത്ത ടൗണിന്റെ ഫോട്ടോയാണ് ഇത്. വീടുകളിലെ വെളിച്ചച്ചവും തെരുവ് വിളക്കുകളും കണ്ടാൽ രാത്രിയിലെടുത്ത ചിത്രമാണെന്ന് മനസിലാകും.
കൂടാതെ അമിട്ടിന്റെ നിറങ്ങളും കെട്ടിടങ്ങളുടെ മുകളിലും മറ്റും കമ്പം കാണാൻ നിൽക്കുന്ന ആളുകളേയും ചിത്രത്തിൽ കാണാം. ട്രൈപ്പോഡില്ലാതെ കൈയിൽ വച്ച് 20/1 സെക്കന്റിൽ ഒറ്റ ക്ലിക്കിൽ എടുത്ത ഫോട്ടോയാണ് ഇത്.