ഓണക്കാലത്തിന് ഫൈനൽ വിസിൽ മുഴങ്ങിയിട്ടും ഓണച്ചിത്രമായ ‘ഫൈനൽസ്’ പ്രേക്ഷകരുടെ ഹൃദയത്തിലുണ്ട്. നായകന്മാരുടെ തോളിലേറി വരുന്ന ഉത്സവകാല ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നായികയുടെ പോരാട്ടം പ്രമേയമാക്കിയ സിനിമ. ഫൈനൽസ് വിജയമായതിന്റെ സന്തോഷത്തിലാണു നായിക രജിഷ വിജയൻ. നാളുകൾ നീണ്ട അദ്ധ്വാനത്തിനു ഫലം ലഭിച്ചതിന്റെ ആനന്ദവും ആശ്വാസവും രജിഷയുടെ മുഖത്തു കാണാം. സിനിമ, ജീവിത വിശേഷങ്ങൾ രജിഷ വാരാന്ത്യകൗമുദിയുമായി പങ്കുവയ്ക്കുന്നു.
ഉയർത്തെഴുന്നേറ്റ ഫൈനൽസ്
ഫൈനൽസ് ആലീസ് എന്ന സൈക്ളിസ്റ്റിന്റെ കഥയാണ്. ഒരുപാട് സ്പോർട്സ് താരങ്ങളുള്ള നാടാണല്ലോ കേരളം. നാഷണൽ ഗെയിംസിനൊക്കെ പോയി എത്ര മെഡലാണ് നമ്മൾ കൊണ്ടുവരുന്നത്. അതുകൊണ്ട് കുറേപ്പേർക്ക് ബന്ധിപ്പിക്കാൻ പറ്റുന്നൊരു കഥയായിരുന്നു. മാത്രമല്ല സ്പോർട്സ് സിനിമകൾ സമ്മാനിക്കുന്ന ത്രില്ലും സസ്പെൻസുമെല്ലാം ഫൈനൽസിലുണ്ട്. സത്യം പറഞ്ഞാൽ ഫൈനൽസ് റിലീസ് ചെയ്ത് ആദ്യത്തെ രണ്ടുദിവസം തിയേറ്ററിൽ ആളില്ലായിരുന്നു. ചില ഷോകൾ കാൻസൽ ചെയ്യേണ്ട അവസ്ഥ വരെയുണ്ടായി. പക്ഷേ, മൂന്നാലു ദിവസം കഴിഞ്ഞപ്പോഴേക്കും സോഷ്യൽ മീഡിയയിലൊക്കെ നല്ല അഭിപ്രായം വരാൻ തുടങ്ങി.
വഴിത്തിരിവായി നാടകക്കാലം
ആദ്യ ചിത്രം അനുരാഗ കരിക്കിൻ വെള്ളം കഴിഞ്ഞ് ഒരു സിനിമക്കാരൻ, ജോർജേട്ടൻസ് പൂരം എന്നിവയിലാണ് അഭിനയിച്ചത്. അനുരാഗ കരിക്കിൻ വെള്ളത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. അതുകഴിഞ്ഞ് ഞാനൊരു ബ്രേക്ക് എടുത്തു. ആ സമയത്ത് നാടകം ചെയ്യണമെന്ന് ആഗ്രഹം തോന്നി. ഒരു അഭിനേതാവിനെ സംബന്ധിച്ച് അഭിനയത്തിന്റെ വിവിധ തലങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. കോളേജിൽ പഠിക്കുമ്പോൾ തെരുവുനാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ നാടകത്തിൽ അഭിനയിക്കാൻ പോയി. ഫൈനൽസിന്റെ സംവിധായകൻ അരുൺ ചേട്ടനാണ് ആ നാടകം സംവിധാനം ചെയ്തത്. അതിന്റെ റിഹേഴ്സൽ നടക്കുന്ന സമയത്ത് അരുൺ ചേട്ടൻ രണ്ട് കഥകൾ പറഞ്ഞു, ഒന്ന് ഫൈനൽസായിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടു. ഇതിനിടയിൽ ജൂണിൽ അഭിനയിച്ചു.
കാത്തിരുന്ന കഥാപാത്രങ്ങൾ
അനുരാഗ കരിക്കിൻ വെള്ളം കഴിഞ്ഞ് എന്നെത്തേടി വന്ന റോളുകളിൽ 90 ശതമാനവും അതിലെ എലിസബത്ത് എന്ന കഥാപാത്രവുമായി സാമ്യമുള്ളതായിരുന്നു. അവ സ്വീകരിച്ചാൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായിരുന്നു. പിന്നെ വ്യത്യസ്തമായ റോളുകൾക്കായുള്ള കാത്തിരിപ്പായി. കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമാവണം എന്നു വച്ചാണ് ജോർജേട്ടൻസ് പൂരവും ഒരു സിനിമക്കാരനും ചെയ്യുന്നത്. എന്നിട്ടും എലിസബത്തിനോട് സാമ്യമുള്ള കഥാപാത്രങ്ങൾ വന്നുകൊണ്ടിരുന്നു. ജോർജേട്ടൻസ് പൂരം ചെയ്യുമ്പോഴാണ് ജൂണിന്റെ കഥ കേൾക്കുന്നത്. പക്ഷേ, പൊഡ്യൂസറെ കിട്ടിയിരുന്നില്ല. ഒരുപാട് പ്രൊഡ്യൂസർമാരോട് കഥ പറഞ്ഞു. ചിലർ നോക്കട്ടേ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകും. കുറേനാൾ കാത്തിരിക്കേണ്ടി വന്നു. അവസാനം പതിനേഴാമത്തെ പ്രൊഡ്യൂസറായാണ് വിജയ് ബാബു ചേട്ടൻ വരുന്നത്. ഞാനാണ് വിജയ് ചേട്ടനോട് ഈ തിരക്കഥയുടെ കാര്യം പറഞ്ഞത്.
തിരക്കഥയാണ് നായകൻ
അഭിനയിച്ച് തുടങ്ങിയപ്പോൾ തന്നെ ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലല്ല, നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതിലാണ് കാര്യമെന്ന് തീരുമാനിച്ചു. അടുത്തകാലത്തായി സിനിമയിലുണ്ടായ മാറ്റം ആ തീരുമാനം നടപ്പാക്കുന്നതിൽ ഉപകാരപ്പെട്ടിട്ടുണ്ട്. വലിയ പ്രൊഡക്ഷൻ ഹൗസുകൾ സ്ത്രീകളെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ തയ്യാറാവുന്നുണ്ട്. സ്ത്രീയാണോ പുരുഷനാണോ പ്രധാന കഥാപാത്രമെന്ന് നോക്കാതെ അവർ തിരക്കഥയെ വിശ്വാസത്തിലെടുക്കുന്നു. സംവിധായൻ അറിയപ്പെടുന്ന ആളാണോ എന്നു പോലും നോക്കുന്നില്ല. ചില സിനിമകളിൽ എല്ലാവരും പുതുമുഖങ്ങളാണ്. നിർമ്മാണ കമ്പനികളെ സംബന്ധിച്ച് ഇപ്പോൾ ഹീറോ തിരക്കഥയാണ്. പ്രേക്ഷകരുടെ ആസ്വാദന രീതിയും മാറിക്കൊണ്ടിരിക്കുന്നു. അവരെ നമുക്ക് കബളിപ്പിക്കാൻ കഴിയില്ല. നല്ല സിനിമകളെല്ലാം വിജയിക്കുന്നുണ്ട്. .
സ്വപ്നങ്ങൾക്കൊപ്പം കുടുംബം
സ്വദേശം കോഴിക്കോടാണ്. പക്ഷേ, എന്റെ സൗകര്യത്തിന് വേണ്ടി കൊച്ചിയിലാണ് താമസിക്കുന്നത്. സിനിമയിലെ പോലെ എന്റെ സ്വന്തം അച്ഛനും അമ്മയും എന്നെ ഒരുപാട് മനസിലാക്കുകയും എന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, സ്വഭാവത്തിൽ സിനിമയിലെ അച്ഛന്മാരെ പോലെയല്ല. അച്ഛൻ വിജയൻ ആർമിയിലായിരുന്നു. അമ്മ ഷീല ടീച്ചറായിരുന്നു. അനിയത്തി അഞ്ചുഷ.