കൊച്ചി: പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പായി. കോടതി ഉത്തരവിന്റെ ബലത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥനകൾ ആരംഭിച്ചു. യാക്കോബായ വിഭാഗത്തിന്റെ കടുത്ത എതിർപ്പിനിടയിൽ പൊലീസ് അകമ്പടിയോടെയാണ് ഓർത്തഡോക്‌സുകാർ പള്ളിയിൽ പ്രവേശിച്ചത്. ഞായറാഴ്‌ച പള്ളിയിൽ കുർബാന നടത്താൻ ഇവർക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
എട്ടരയോടുകൂടിയാണ് കുർബാന ആരംഭിച്ചത്. ഫാ.സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്സ് വിശ്വാസികൾ പള്ളിയിൽ പ്രാർത്ഥനക്കായി എത്തിയിരിക്കുന്നത്. കുർബാനയ്‌ക്കെത്തുന്നവരെ തടയാനോ ക്രമസമാധാനപ്രശ്‌നമുണ്ടാക്കാനോ ആരെങ്കിലും ശ്രമിച്ചാൽ പൊലീസ് പിടികൂടി സിവിൽ ജയിലിലേക്ക് മാറ്റണമെന്ന കർശന ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, നടുറോഡിൽ പ്രാർത്ഥന നടത്തി യാക്കോബായ വിഭാഗം തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പള്ളിയിയുടെ നിയന്ത്രണം പൂർണമായും ജില്ലാകളക്‌ടർക്ക് തന്നെയായിരിക്കും. രണ്ടു ദിവസം മുമ്പാണ് യാക്കോബായ വിശ്വാസികളിൽ നിന്ന് പള്ളിയുടെ നിയന്ത്രണം കളക്ടർ ഏറ്റെടുത്തത്.