തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സമിതി തന്റെ പേര് നിർദേശിച്ചതായി അറിഞ്ഞെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും കുമ്മനം പറഞ്ഞു. അതേസമയം കേന്ദ്ര കമ്മിറ്റി എന്ത് തീരുമാനമെടുത്താലും അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണിത്. 2016ൽ വട്ടിയൂർക്കാവിൽ മത്സരിച്ച കുമ്മനം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.