marad-flat

കൊച്ചി: മരടിൽ പരിസ്ഥിതി നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റുകളിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. കുടുംബങ്ങളോട് സ്വയം ഒഴിഞ്ഞ് പോകാൻ ആവശ്യപ്പെടുമെന്നും നിർബന്ധിച്ചോ ബലം പ്രയോഗിച്ചോ ഇന്ന് ഒഴിപ്പിക്കില്ലെന്നും സബ്കളക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒഴിപ്പിലിന് മുന്നോടിയായുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജെയിൻ ഹൗസിംഗ്,​ അൽഫാ,​ ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിലാണ് ഇന്ന് നടപടി. ഒക്ടോബർ നാല് വരെ നടപടി തുടരും. അതേസമയം ഒഴിഞ്ഞുപോകാനുള്ള കാലാവധി നീട്ടിത്തരണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ മുന്നോട്ട് വച്ചുള്ള ഫ്ലാറ്റുടമകളുടെ നിരാഹാരസമരം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് ഇവർ കളക്ടറുമായി കൂടിക്കാഴ്ച നടത്തും.എം.സ്വരാജ് എം.എൽ.എയും യോഗത്തിൽ പങ്കെടുക്കും.

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഒഴിപ്പിക്കൽ നടപടികളുമായി ഫ്ലാറ്റുടമകൾ സഹകരിക്കണമെന്ന് നഗരസഭ സെക്രട്ടറി ആവശ്യപ്പെട്ടു.

നാലു ഫ്ളാറ്റുകളുടെയും നിർമ്മാതാക്കളുടെ സ്വത്ത് സുപ്രീം കോടതി കണ്ടുകെട്ടി. ഇവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിക്കൊണ്ട് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പോൾ രാജ് (ഡയറക്ടർ, ആൽഫ വെഞ്ചേഴ്സ്) സാനി ഫ്രാൻസിസ് (എം.ഡി,ഹോളി ഫെയ്‌ത്ത്) സന്ദീപ് മാലിക്ക് (എം.ഡി, ജെയിൻ ഹൗസിംഗ്), കെ.വി.ജോസ് (എം.ഡി, കെ.പി.വർക്കി ബിൽഡേഴ്സ്) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

ഫ്ളാറ്റുടമകൾക്ക് നഷ്‌ടപരിഹാരം നിശ്ചയിക്കാൻ റിട്ട.ഹെെക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി കഴിഞ്ഞദിവസം നിയോഗിച്ചു. ഫ്ളാറ്റുകളുടെ വില കണക്കാക്കി നാലാഴ്‌ചയ്‌ക്കകം ഓരോ ഫ്ളാറ്റ് ഉടമയ്‌ക്കും നൽകേണ്ട യഥാർത്ഥ നഷ്ടപരിഹാരം തീരുമാനിക്കണം.താത്കാലിക നഷ്‌ടപരിഹാരമായി സർക്കാർ 25 ലക്ഷം രൂപ നൽകാനും അത് കെട്ടിട നിർമ്മാതാക്കൾ, നിർമ്മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് ഈടാക്കാനും ജസ്‌റ്റിസുമാരായ അരുൺ മിശ്ര, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.നഷ്ടപരിഹാരം നിശ്‌ചയിക്കലാണ് റിട്ട. ജസ്‌റ്റിസ് കെ. ബാലകൃഷ്‌ണൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ ചുമതല.