
ന്യൂഡൽഹി: മൂന്ന് വർഷം മുൻപ് പാകിസ്ഥാൻ ഭീകരർ നടത്തിയ ഉറി ആക്രമണത്തിനുളള പ്രതികരണമായി നടന്ന സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് ജനങ്ങളെ ഓർമപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം സർജിക്കൽ സ്‌ട്രൈക്ക് നടത്തിയ ആ രാത്രിയിൽ താൻ ഉറങ്ങിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞത്. ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിനെ 74ാം പതിപ്പിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി ന്യൂഡൽഹിയിലെ 'പാലം' വിമാനതാവളത്തിൽ വച്ചാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറയുന്നത്. 2016 സെപ്തംബറിന്‍ പാകിസ്ഥാൻ അധീന കശ്മീരിലുളള ഭീകരവാദ ക്യാമ്പുകൾ ആക്രമിച്ച ഇന്ത്യൻ സൈനികരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയുടെ കീർത്തി ലോകം മുഴുവൻ എത്തിക്കാൻ തനിക്ക് അവസരം നൽകിയ ജനങ്ങളോടും അദ്ദേഹം തന്റെ നന്ദി അറിയിച്ചു. വിമാനത്താവളത്തിൽ വിദേശസന്ദർശനം കഴിഞ്ഞെത്തിയ മോദിയെ സ്വീകരിക്കാൻ ആയിരത്തോളം ജനങ്ങൾ എത്തിച്ചേർന്നിരുന്നു. '2014ലെ തിരഞ്ഞെടുപ്പ് ജയിച്ച ശേഷം ഞാൻ അമേരിക്ക സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തവണ നടത്തിയ സന്ദർശനത്തിൽ ഇന്ത്യയോടുള്ള മനോഭാവത്തിൽ മാറ്റം വന്നതായി ഞാൻ മനസിലാക്കി. ഇന്ത്യക്കാരോടുള്ള അവരുടെ ബഹുമാനം വർദ്ധിച്ചതിന്റെ കാരണം 130 കോടി ഇന്ത്യക്കാരാണ്.' പ്രധാനമന്ത്രി അറിയിച്ചു.
'മൂന്ന് വർഷം മുൻപ് സെപ്തംബർ 28ന് രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല. അന്ന് രാത്രി മുഴുവൻ ഞാൻ ഉണർന്നിരുന്നു. ഉണർന്നിരുന്ന ഓരോ നിമിഷവും ഒരു ഫോൺ വിളി പ്രതീക്ഷിച്ചായിരുന്നു എന്റെ ഇരിപ്പ്. മൂന്ന് വർഷം മുൻപാണ് ഇന്ത്യയുടെ ധീര യോദ്ധാക്കൾ സർജിക്കൽ സ്ട്രൈക്ക് നടത്തികൊണ്ട് എന്റെ രാജ്യത്തിന്റെ യശസ് ഉയർത്തിയത്. ആ രാത്രിയെ കുറിച്ച് ഓർത്തുകൊണ്ട് ഞാൻ നമ്മുടെ ധീര സൈനികരുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുകയാണ്.' സെപ്തംബർ 18ന് ഉറിയിൽപാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികരണം എന്നോണമാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിലൂടെ തിരിച്ചടിച്ചത്.