മാഹി: ഊരോത്തുമ്മൽ ക്ഷേത്രപരിസരത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഒൻപത് മണിയ്ക്ക് ആർ.എസ്.എസ് പ്രവർത്തകർ തനിക്ക് നേരെ ബോംബെറിഞ്ഞുവെന്ന് പരാതി നൽകിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഒടുവിൽ ജയിലിൽ. ഇവരുടെ പരാതിയനുസരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാഹി കോടതി ബ്രാഞ്ച് സെക്രട്ടറിയേയും കൂട്ടാളിയേയും റിമാൻഡ് ചെയ്തു.
സി.പി.എം. പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കുന്നോത്താൻപറമ്പിൽ കല്ലൻ ബിജു (37) സുഹൃത്തും ഊരോത്തുമ്മൽ ക്ഷേത്രപരിസരത്തിനടുത്ത് താമസക്കാരനുമായ തൊവരപ്പറമ്പിൽ റിനോജു( 25)എന്നിവരാണ് റിമാൻഡിലായത്. ബൈക്ക് ഓടിക്കുകയായിരുന്ന തന്നിൽ നിന്ന് നാല് മീറ്റർ അകലെ വീണ് ബോംബ് പൊട്ടിയെന്നാണ് ഇദ്ദേഹം നൽകിയ പരാതിയിൽ പറഞ്ഞത്.ഇടവഴിയിലൂടെയെത്തിയ മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്നും ഈയാളുടെ പരാതിയിലുണ്ടായിരുന്നു.ഉഗ്രശേഷിയുള്ള ബോംബിന്റെ ശബ്ദത്തിൽ കേൾവിക്ക് തകരാർ സംഭവിച്ച ബിജുവിനെ ആദ്യം പളളൂർ ഗവ: ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അതിനിടെ ആർ.എസ്.എസിനും പൊലീസിനുമെതിരെ പന്തക്കലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പ്രദേശത്ത് സംഘർഷാന്തരീക്ഷം ഉടലെടുത്തതിനെ തുടർന്ന് യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പൊലീസ് ശാസത്രീയമായ രീതികളുപയോഗിച്ച് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ പ്രദേശത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിൽ രണ്ടു പേർ കൊല്ലപ്പെടുകയും നിരവധി വീടുകളും, കടകളും അക്രമിക്കപ്പെടുകയും പോലീസ് ജീപ്പ് അഗ്‌നിക്കിരയാവുകയും ചെയ്തിരുന്നു.മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയോടെയാണ് പോലീസ് ഈ കേസ് അന്വേഷിച്ചത്.