പിക്കപ്പ് ശ്രേണിയിൽ ടാറ്റാ മോട്ടോഴ്‌സിന്റെ ശ്രദ്ധേയ താരമാണ് യോദ്ധ. ഏറെക്കാലമായി നിരത്തിലെ സ്ഥിരസാന്നിദ്ധ്യമായ യോദ്ധയുടെ സിംഗിൾ കാബ് ഡിസൈൻ വലിയ സ്വീകാര്യതയാണ് നേടുന്നത്. സ്‌റ്റൈലും ഉത്തരവാദിത്തതിന് അനുയോജ്യമായ ഡിസൈനും ഉയർന്ന 'ഗുഡ്‌സ് കാരീയിംഗ്" സ്‌പേസുമാണ് ഈ സ്വീകാര്യതയ്ക്ക് പിന്നിൽ.
ടാറ്രയുടെ സെനോൻ പിക്കപ്പ് പ്ളാറ്ര്‌ഫോമിൽ തന്നെ നിർമ്മിതമായ യോദ്ധയ്ക്ക് 3,350 കിലോഗ്രോമാണ് മൊത്ത ഭാരം. 1,250 കിലോഗ്രാം വരെയാണ് പേലോഡ് ശേഷി. മുന്നിൽ ഡിസ്‌കും പിന്നിൽ ഡ്രം ബ്രേക്കും നൽകിയിരിക്കുന്നു. മുന്നിലെ ഹെവി ഡ്യൂട്ടി സിക്‌സ്-ലീഫ് സെമി എലിപ്‌റ്റിക്കൽ സ്‌പ്രിംഗ് സസ്‌പെൻഷനും പിന്നിലെ ടാറ്റയുടെ സ്വന്തം സെമി എലിപ്‌റ്റിക്കൽ സസ്‌പെൻഷനും യാത്രയും റൈഡിംഗും ഏറെ സുഖകരമാക്കുന്നുണ്ട്. 3.0 ലിറ്റർ, 4-സിലിണ്ടർ ഡീസൽ എൻജിനാണ് യോദ്ധയുടെ ഹൃദയം.
3,000 ആർ.പി.എമ്മിൽ 85 ബി.എച്ച്.പി കരുത്തും 1,000-2,000 ആർ.പി.എമ്മിൽ പരമാവധി 250 ന്യൂട്ടൺ മീറ്റർ (എൻ.എം) ടോർക്കും ഉത്‌പാദിപ്പിക്കാൻ എൻജിന് കഴിയും. 5-സ്‌പീഡ് മാനുവലാണ് ഗിയർ ട്രാൻസ്‌മിഷൻ സംവിധാനം. 80 കിലോമീറ്ററാണ് ടോപ് സ്‌പീഡ്. പരമ്പരാഗത ശൈലിയിൽ നിന്നുമാറി, എസ്.യു.വിക്ക് സമാനമായ രൂപകല്‌പനയാണ് യോദ്ധയ്ക്കുള്ളത്.
അകത്തളത്തിലും ഈ മികവ് കാണാം. സിംഗിൾ ടോൺ നൽകി അകത്തളം സജ്ജീകരിച്ചിരിക്കുന്നു. ഡോറുകൾക്ക് മാനുവൽ ലോക്ക് ആണുള്ളത്. റോൾ-ഡൗൺ വിൻഡോയും മികവ് പുലർത്തുന്നു.
ഹാൻഡ്-ബ്രേക്ക് ഡ്രൈവിംഗ് സീറ്റിന്റെ വലതു ഭാഗത്തേക്ക് മാറ്റിയിരിക്കുന്നു എന്നത് കൗതുകമാണ്. ഹെല്‌ലൈറ്ര് സ്വിച്ചിന്റെ സ്ഥാനവും സ്‌റ്റിയറിംഗ് വീലിന്റെ വലതു ഭാഗത്താണ്. സ്‌പീഡോമീറ്റർ, ആർ.പി.എം ഗേജ് എന്നിവ അനലോഗിലും ഓഡോമീറ്റർ ഡിജിറ്റലായും ഒത്തുചേരുന്നതാണ് ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്റർ. എ.സിയും മീഡിയ സംവിധാനവും 'ആഡ്-ഓൺ" ആയി ചേർക്കാൻ സൗകര്യമുണ്ട്. പ്ളാസ്‌റ്റിക്കിന്റെ ഉപയോഗത്തോടെ, മൊത്തത്തിൽ അകത്തളം മികച്ച നിലവാരത്തോടെ ഒരുക്കാൻ ടാറ്റ ശ്രദ്ധിച്ചിട്ടുണ്ട്.
യോദ്ധ (സ്‌റ്റാൻഡേർഡ്), എക്കോ, യോദ്ധ 1500, യോദ്ധ 4x4, യോദ്ധ കാബിൻ ക്രൂ വേരിയന്റുകളുണ്ട്. ന്യൂഡൽഹി എക്‌സ്‌ഷോറൂം വില 6.19 ലക്ഷം രൂപ. ഗ്രാഫിക് സ്‌റ്രിക്കറുകളും ബ്രാൻഡിംഗ് ലോഗോയും ചേർന്ന് യോദ്ധയുടെ പുറംമോടി ആകർഷകമാക്കുന്നുണ്ട്. 5,350 എം.എം നീളവും 1,810 എം.എം ഉയരവും 1,860 എം.എം വീതിയുമാണ് യോദ്ധയ്ക്ക്. വീൽബെയ്സ് 3,150 എം.എം. 210 എം.എം ഗ്രൗണ്ട് ക്ളിയറൻസും മികവാണ്. 16-ഇഞ്ച് റേഡിയൽ ടയറുകളാണ് യോദ്ധയ്ക്കുള്ളത്. ഇന്ധനടാങ്കിന്റെ ശേഷി 45 ലിറ്റർ.