jaganmohan-reddy

അമരാവതി: സംസ്ഥാനത്ത് മദ്യം നിരോധിക്കുന്നതിനായി ആദ്യ ചുവട് വച്ച് ആന്ധ്രാ പ്രദേശ് സർക്കാർ. ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്തെ 3500ഓളം വരുന്ന മദ്യവിൽപ്പന ശാലകൾ ഏറ്റെടുക്കാനാണ് സർക്കാരിന്റെ പദ്ധതി. ഇതുവഴി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിൽ വരുത്താനും ജഗൻമോഹൻ റെഡ്ഢി സർക്കാർ ആലോചിക്കുന്നു. ആന്ധ്രാ പ്രദേശ് സംസ്ഥാന ബിവറേജസ് കോർപറേഷൻ ലിമിറ്റഡിന്റെ കീഴിലാണ് ഇനിമുതൽ മദ്യക്കടകൾ പ്രവർത്തിക്കാൻ പോകുന്നത്. 475 മദ്യവിൽപ്പനശാലകൾ ഇതിനോടകം തന്നെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയും എക്‌സൈസ് മന്ത്രി നാരായണസ്വാമിയുമാണ് ഇക്കാര്യം അറിയിച്ചത്.

മദ്യം വിൽക്കുന്ന കടകളുടെ എണ്ണം 4380തിൽ നിന്നും 3500 ആയി കുറയ്ക്കുമെന്ന് നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് വ്യാജമദ്യം വിൽക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 4788 കേസുകൾ ആന്ധ്രാ പൊലീസ് രജിസ്റ്റർ ചെയ്യുകയും 2834 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഏറ്റെടുക്കുന്ന മദ്യവിൽപ്പന ശാലകളിലേക്കായി നിരവധി പേരെ ഇതിനോടകം ജോലിക്കെടുത്തിട്ടുണ്ട്. മദ്യത്തിന് അടിമകളായവർക്ക് ബോധവത്കരണം നൽകാൻ എല്ലാ ആശുപത്രികളിലും പ്രത്യേക സർക്കാർ ബോധവത്കരണ യൂണിറ്റുകൾ ആരംഭിക്കും.

രാത്രിവരെ തുറന്നിട്ടിരിക്കുന്ന മദ്യക്കടകളുടെ സമയം ചുരുക്കി രാവിലെ 10 മുതൽ രാത്രീ 9 വരെയുള്ള സമയം മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാരിന്റെ പദ്ധതി. മദ്യാസക്തി മൂലമുണ്ടാകുന്ന അപകടങ്ങളും ആരോഗ്യപ്രശ്നനങ്ങളും തടയുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചതെന്നും ആന്ധ്രാ സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി സഥാനത്തേക്ക് എത്തുന്നതിന് മുൻപ് നടത്തിയ പ്രചാരണത്തിൽ മദ്യത്തിന് നിയന്ത്രണം കൊണ്ടുവരുമെന്ന് ജഗൻമോഹൻ റെഡ്ഢി ജനങ്ങൾക്ക് വാഗ്‌ദാനം നൽകിയിരുന്നു.