ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. ലോകത്ത് പ്രതിവർഷം 1.79 കോടി ജനങ്ങളാണ് കാർഡിയോ വാസ്‌കുലാർ ഡിസീസ് (സി.വി.ഡി) എന്ന മാരക ഹൃദ്രോഗം ബാധിച്ച് മരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 2.3 കോടിയിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ 80 ശതമാനം വരെ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ഈവർഷത്തെ ലോക ഹൃദയദിനാചരണത്തിന്റെ വിഷയം മൈ ഹാർട്ട്, യുവർ ഹാർട്ട് എന്നതാണ്. ഹൃദയാരോഗ്യത്തിനായി ജനങ്ങളെ ഒത്തൊരുമിപ്പിക്കുകയും പ്രതിജ്ഞാബദ്ധമാക്കുകയുമാണ് ലക്ഷ്യം. കൂടുതൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ് ആദ്യം വേണ്ടത്.
ഹൃദയാരോഗ്യത്തിന് എന്തൊക്കെ കഴിക്കണം?
ഹൃദയാഘാതം ജീവിതശൈലീ രോഗമായതിനാൽ ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു പരിധിവരെ പ്രതിരോധിക്കാം. ആരോഗ്യകരമായ ഭക്ഷണമാണ് ഏറ്റവും പ്രധാനം. ഹൃദയത്തെ സംരക്ഷിക്കാൻ ഇതാ ചില ഭക്ഷണങ്ങൾ...
- പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.
- പ്രോട്ടീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. മത്സ്യങ്ങളിലുള്ള ഒമേഗ–3 ഫാറ്റി ആസിഡാണ് ഹൃദയാരോഗ്യത്തിനു സഹായകമാകുന്നത്. മത്തി, അയല പോലുള്ള കടൽ മത്സ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. അത്സമയം ചിക്കൻ 75 ഗ്രാം വീതം ദിവസവും കഴിക്കാം. പക്ഷേ, അധികം എണ്ണയും തേങ്ങയുമില്ലാതെ വേണം പാചകം ചെയ്യാൻ.
- ആവിയിൽ പുഴുങ്ങിയ നാടൻ പലഹാരങ്ങൾ കഴിക്കാം
- അണ്ടിപ്പരിപ്പ്, ഈന്തപ്പഴം നെല്ലിക്ക, മധുരക്കിഴങ്ങ്, ഓട്സ് എന്നിവ കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്
ഉപേക്ഷിക്കേണ്ടത് എന്തൊക്കെ?
- പൊരിച്ച ഭക്ഷണവും മധുരപലഹാരങ്ങളും ഒഴിവാക്കുക.
-പുകയില ഉപേക്ഷിക്കുക
-പെട്ടെന്ന് നെഞ്ചുവേദനയുണ്ടായാൽ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം (പ്രത്യേകിച്ച് പ്രായമുള്ളവരും പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുള്ളവരുമാണെങ്കിൽ) ഇതിനുമുമ്പ് ഇങ്ങനെയൊരു വേദനയുണ്ടായിട്ടില്ലെങ്കിൽ ഇത് ഗ്യാസായി കണക്കാക്കരുത്. നെഞ്ചുവേദനയുണ്ടായാലുടനെ ആശുപത്രിയിലെത്തുക. ഹൃദ്രോഗത്തിന് പ്രഥമ ശുശ്രൂഷയില്ല.
എങ്ങനെ ചികിത്സിക്കണം?
ബ്ളോക്കുണ്ടായ രക്തക്കുഴലിലൂടെ പൂർണമായ തോതിൽ രക്തയോട്ടം എത്രയും വേഗം പുനഃസ്ഥാപിക്കുകയാണ് ഹൃദയാഘാതത്തിനുള്ള ചികിത്സ. ഇത് ബ്ളഡ് തിന്നിംഗ് ഇൻജക്ഷൻ (ത്രോംബോളിസിസ്) വഴിയോ ആൻജിയോപ്ളാസ്റ്റി വഴി ബ്ളോക്ക് നീക്കം ചെയ്തോ ആകാം. ആൻജിയോപ്ളാസ്റ്റിയാണ് കൂടുതൽ ഫലപ്രദം.
ആൻജിയോപ്ളാസ്റ്റി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം ഹൃദയത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ചാണിരിക്കുന്നത്. നെഞ്ചുവേദനയുണ്ടായി കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ആൻജിയോപ്ളാസ്റ്റി ചെയ്താൽ രോഗി 1-2 ആഴ്ചയ്ക്കകം സാധാരണ ജീവിതത്തിലേക്ക് വരും. വളരെ സമയം കഴിഞ്ഞ് ഹൃദയപേശികൾക്ക് കൂടുതൽ തകരാറുണ്ടായതിന് ശേഷമാണ് ചെയ്യുന്നതെങ്കിൽ കഠിനാദ്ധ്വാനമുള്ള ജോലികൾ ഒഴിവാക്കണം. ദീർഘകാലം സ്ഥിരമായി മരുന്നുകൾ കഴിക്കേണ്ടി വരും.