vineeth

തിരക്കഥ,​ സംവിധാനം,​ അഭിനയം...ഈ മൂന്ന് മേഖലകളിലും തിളങ്ങുന്ന അച്ഛനും മക്കളും. ഈയൊരു വിശേഷണത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് ഈ താരകുടുംബം ഏതാണെന്ന് മനസിലായിക്കാണും, സാക്ഷാൽ ശ്രീനിവാസനും മക്കളും. 'ലവ് ആക്ഷൻ ഡ്രാമയിലൂടെ' ധ്യാൻ ശ്രീനിവാസനും സംവിധാന രംഗത്തേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ്.

സിനിമ തന്നെ ജീവിതമാക്കിയ കുടുംബമാണ് ശ്രീനിവാസന്റേത്. എന്നാൽ സിനിമയുടെ കാര്യത്തിൽ മാത്രമേ താനും ധ്യാനുമായി സാമ്യമുള്ളുവെന്നും, രണ്ടുപേരും രണ്ട് ലോകത്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

'ഞാനും ധ്യാനും വീട്ടിലുണ്ടെങ്കിലും കാണുന്നത് വല്ലപ്പോഴുമായിരിക്കും. രണ്ടുപേരും രണ്ട് ലോകത്തായിരുന്നു. ധ്യാനിന്റെയും എന്റെയും സുഹൃത്തുക്കളുടെ സ്വഭാവത്തിൽ പോലും സാമ്യതകളില്ലായിരുന്നു. ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങും. ധ്യാൻ വരുന്നത് രാത്രി വൈകിയായിരിക്കും. രണ്ട് ദിവസത്തിൽ ഒരിക്കലൊക്കയേ പരസ്പരം കാണൂ. കണ്ടാൽ തന്നെ സിനിമ മാത്രമായിരിക്കും സംസാരിക്കുന്നത്.അതല്ലാതെ ഞങ്ങൾക്ക് പൊതുവായി സംസാരിക്കാനൊന്നുമില്ല'- വിനീത് ശ്രീനിവാസൻ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.