mann-ki-baat

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ൽ മലയാളി കന്യാസ്ത്രീയായ സിസ്റ്റർ മറിയം ത്രേസ്യയ്ക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന ഒക്ടോബർ 13ന് ഫ്രാൻസിസ് മാർപ്പാപ്പ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നും താൻ തന്റെ ക്രൈസ്തവ സഹോദരീസഹോദരന്മാർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നുമാണ് മോദി പറഞ്ഞത്. നവതിയാഘോഷികുന്ന ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന് മോദി ആശംസകൾ പകരുകയും ചെയ്തു. താൻ ലതാജിക്ക് ജന്മദിനാശംസകൾ നൽകുന്നതിന്റെ ഫോൺ റെക്കോഡിങ്ങും മോദി 'മൻ കി ബാത്തി'ലൂടെ പങ്കുവച്ചു.

ദീപാവലി ആഘോഷിക്കുമ്പോൾ നാടിന് കീർത്തി നേടിത്തന്ന പെൺകുട്ടികളെ നമ്മൾ ആദരിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ ലക്ഷ്മിമാരെ(ഭാരത് കി ലക്ഷ്മി) നമ്മൾ ബഹുമാനിക്കണമെന്നും നാരി ശക്തിയുടെ ഗുണത്തെയും കരുത്തിനെയും കുറിച്ച് നമ്മുക്ക് ബോധമുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'പ്രിയ സഹോദരീസഹോദരന്മാരെ, സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ, ഭാഗ്യത്തിന്റെ രൂപത്തിലും, സമ്പത്തിന്റെ രൂപത്തിലും നമ്മൾ എല്ലാ വീട്ടിലും കുടിയിരുത്തിയിട്ടുണ്ട്. തീർച്ചയായും ലക്ഷ്മീദേവിയെ നമ്മൾ സ്വീകരിക്കണം. ഈ വർഷം നമ്മുക്ക് ലക്ഷ്മീദേവിയെ സ്വീകരിക്കേണ്ടേ? നമ്മുടെ സംസ്കാരത്തിൽ പെണ്മക്കളെയാണ് ലക്ഷ്മിദേവിയെപ്പോലെ നമ്മൾ കാണുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള നമ്മുടെ പെൺകുട്ടികളെ വിവിധ പദ്ധതികളിലൂടെ നമ്മുക്ക് സഹായിക്കേണ്ടേ?' മോദി ചോദിച്ചു.