തിരുവനന്തപുരം: അനന്തപദ്‌മനാഭസ്വമി ക്ഷേത്രത്തിന്റെ തെക്കേ നടയ്‌ക്ക് സമീപം ചെന്നു കഴിഞ്ഞാൽ ഒരു ബോർഡ് കാണാം. വെറും ബോർഡല്ല, ശ്രീമൂകാംബിക നവരസപായസം എന്നെഴുതിയ 'മധുരമേറിയ' ഒരു ബോർഡ്. രാഷ്‌ട്രപതിയായിരുന്ന പ്രതിഭാപാട്ടിലിന്റെ പാചകക്കാരനായിരുന്ന രാമചന്ദ്ര അയ്യരുടെതാണ് നവരസപായസക്കട. വിവിധ രുചികളിലായി മനസും വയറും നിറയ്‌ക്കുന്ന പായസമേളങ്ങൾ വർഷം മുഴുവനും ആർക്കും ഇവിടെ വന്നാൽ നുകരാം. എന്നാൽ നവരസപ്പായസമെന്ന ഈ ആശയത്തിനു പിന്നിൽ നടൻ ജഗതി ശ്രീകുമാറിന്റെ സ്വാധീനം തന്നിൽ ചെലുത്തിയിട്ടുണ്ടെന്ന് രാമചന്ദ്ര അയ്യർ പറയുന്നു.
ഒരു ചടങ്ങിൽ പ്രസംഗിക്കവെ സദസിന് ജഗതി തന്റെ നവരസ ഭാവങ്ങൾ കാട്ടികൊടുത്തു. ഭയാനകം, ലാസ്യം, ശൃംഗാരം തുടങ്ങിയ കണ്ടപ്പോൾ സദ്യ കഴിക്കുന്ന ആളുകളുടെ മുഖം അയ്യർ ഓർത്തു. കെ.ടി.ഡി.സിയിലെ ഷെഫ് കൂടിയായിരുന്ന അദ്ദേഹത്തിന് അക്കാര്യം ഓർമ്മ വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അങ്ങനെയായിരുന്നു നവരസപ്പായസത്തിന്റെ തുടക്കം. പൈനാപ്പിൾ, വാഴയ്‌ക്ക, മാങ്ങ, ഏത്തപ്പഴം, അരി, കടല, ചെറുപയർ, ഗോതമ്പ്, ഈന്തപ്പഴം തുടങ്ങിയ പായസവിഭവങ്ങൾ ഏറെ. ഇതിനെല്ലാം പുറമെ തിരുവനന്തപുരത്തിന്റെ സ്വന്തം അനന്തപുരി പാൽപ്പായസവും അയ്യരുടെ കൈപുണ്യത്തിൽ പിറന്നിട്ടുണ്ട്.
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ കൽപ്പിച്ചു നൽകിയ 'പാചക കുലപതി' എന്ന അംഗീകാരപത്രം വീടിന്റെ പൂമുഖത്തു തന്നെ അയ്യർ തൂക്കിയിട്ടുണ്ട്. എന്നാൽ ജീവതത്തിൽ തന്റെ സായൂജ്യമായി കരുതുന്ന ഒരു കാര്യമുണ്ട് അയ്യർക്ക്. രാഷ്‌ട്രപതിയായിരിക്കെ പ്രതിഭാപാട്ടീലിന്റെ കുക്കായി മാറിയ ആ സന്ദർഭം. മലയാളത്തിലെ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് അയ്യർ മനസു തുറന്നു.
'പത്തു വർഷം മുൻപ് ഒരു സായാഹ്നം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടൽ. രാഷ്ട്രപതി പ്രതിഭാ പാട്ടീൽ അതിഥിയായി എത്തി. എങ്ങും കർശന സുരക്ഷ. ജോലിക്കാരെ പോലും പരിശോധിച്ച ശേഷമാണ് അകത്തേക്കു കടത്തി വിട്ടത്. പതിവു പോലെ ഞാൻ ഡ്യൂട്ടിയിൽ കയറി. രാഷ്ട്രപതി ആവശ്യപ്പെടുന്നതെന്തും ഉടൻ എത്തിക്കണമെന്നാണ് ഉത്തരവ്. ഞാനുൾപ്പെടെ ഷെഫുമാരെല്ലാം ടെൻഷനോടെ വിളി കാത്തുനിന്നു. ഏകദേശം ആറു മണിക്ക് ഗവർണറുടെ ഫോൺ. ''രാഷ്ട്രപതിക്ക് പായസം കുടിക്കാൻ ആഗ്രഹമുണ്ട്. പഞ്ചസാരയിടാതെ ഉണ്ടാക്കണം.'' പഞ്ചസാരയില്ലാതെ പായസം; എന്റെ നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. ഉണ്ടാക്കാമെന്നു പറയുകയല്ലാതെ വേറെ വഴിയില്ല.
ഹരിപ്പാടുള്ള ഒരു പരിചയക്കാരനെ വിളിച്ചു. കുറച്ച് പച്ച നെല്ല് എത്തിച്ചു തരണമെന്നു പറഞ്ഞു. വേറൊരു സുഹൃത്തിനോടു ചോദിച്ച് തലേദിവസം പ്രസവിച്ച പശുവിന്റെ പാൽ വാങ്ങി. പച്ചനെല്ലിന്റെ തവിടിനും പെറ്റ പശുവിന്റെ പാലിനും സ്വതവേ മധുരമുണ്ട്. രണ്ടും ചേർത്ത് പായസം തയാറാക്കി. രാഷ്ട്രപതിക്കു കഴിക്കാനുള്ള ഭക്ഷണം ഡോക്ടർമാർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാറുണ്ട്. പായസത്തിൽ കെമിക്കൽ ചേർത്തിട്ടുണ്ടെന്ന് അവർക്കു സംശയം. ചേരുവ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം രാഷ്ട്രപതി പായസം കുടിച്ചു. ''ബാബാ, എന്റെ കൂടെ ഡൽഹിയിലേക്ക് വരൂ'' പ്രതിഭാ പാട്ടിൽ ക്ഷണിച്ചു. സാക്ഷാൽ അനന്തപദ്മനാഭനെ തൊഴുത് ഞാൻ സമ്മതം മൂളി. രാഷ്ട്രപതിയുടെ പേഴ്സണൽ ഷെഫ് ആയതാണ് ഈ ജന്മത്തിന്റെ വിലമതിക്കാനാവാത്ത നേട്ടം. ഇഡ്ഡലി, ദോശ, അവിയൽ, തോരൻ തുടങ്ങിയ വിഭവങ്ങളെല്ലാം രാഷ്ട്രപതിക്ക് തയാറാക്കി കൊടുത്തു. ''അച്ചാ ഹെ ബാബാ'' എന്നു പറഞ്ഞ് രാഷ്ട്രപതി അഭിനന്ദിച്ചു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ ഇന്ത്യ സന്ദർശിച്ച സമയത്ത് പ്രതിഭാ പാട്ടീൽ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തു. അദ്ദേഹത്തിനു ഭക്ഷണം ഒരുക്കാൻ പല രാജ്യങ്ങളിൽ നിന്നുള്ള ഷെഫുമാരെ നിയമിച്ചിരുന്നു. പ്രധാന വിഭവങ്ങളുടെ ലിസ്റ്റ് രാഷ്ട്രപതിയാണു തയാറാക്കിയത്. ''ഡെസേർട്ട് പിന്നീട് തീരുമാനിക്കാം'' – രാഷ്ട്രപതി പറഞ്ഞു. ഷെഫുമാർ അങ്കലാപ്പിലായി. സമയക്കുറവിനെ കുറിച്ചായിരുന്നു ആശങ്ക. എല്ലാവരും അക്ഷമയോടെ കാത്തു നിൽക്കുന്ന സമയത്ത് രാഷ്ട്രപതി എന്നെ വിളിച്ചു. 'ബാബാ, പൈനാപ്പിൾ ഹൽവ ബാനാവോ' എന്നു പറഞ്ഞു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരം അമേരിക്കൻ പ്രസിഡന്റിനു നൽകാനായിരുന്നു രാഷ്ട്രപതിയുടെ തീരുമാനം. എന്റെ കൈകൊണ്ടുണ്ടാക്കിയ ഹൽവ അമേരിക്കൻ പ്രസിഡന്റ് ആസ്വദിച്ചു കഴിക്കുന്നത് പിന്നീട് ടിവിയിൽ കണ്ടു. മഹാഭാഗ്യം'- അയ്യർ പറഞ്ഞു.