പകൽ നേരത്ത് ഏതെങ്കിലുമൊരു വസ്‌തുവിനെ കാണാൻ പ്രത്യേകിച്ചൊരു വിളക്ക് കൊളുത്തി വയ്‌ക്കേണ്ട കാര്യമില്ല. അതുപോലെ തന്നെ ഇരുട്ടുള്ളിടത്ത് ഇരിക്കുന്ന ഒരു വസ്‌തുവിനെ കാണാതിരിക്കാൻ പ്രത്യേകിച്ചൊരു പുതപ്പുകൊണ്ട് മൂടേണ്ടതായിട്ടുമില്ല. കാരണം ഇതുരണ്ടും സ്വാഭാവികമായ കാര്യങ്ങളാണ്. അതിനാൽ അത്തരം ഇടങ്ങളിൽ മറ്റൊരുപാധിയെ ഉപയോഗിക്കേണ്ടതായ ആവശ്യമില്ല. എന്നാൽ പകൽ വെളിച്ചമുള്ളതുകൊണ്ട് കാണാനും ഇരുളുള്ളതുകൊണ്ട് കാണാതിരിക്കാനും കഴിയാത്തതായ കാര്യങ്ങളുമുണ്ട്. അതിനൊരുദാഹരണമാണ് നക്ഷത്രങ്ങൾ.
മറ്റൊന്ന് ഒരു വസ്‌തുവിനെ കാണാനാവുന്നു എന്നതുകൊണ്ട് അതു ഉള്ളതാണെന്നു ധരിക്കാവുന്നതോ, ഒരു വസ്‌തുവിനെ കാണാനാവുന്നില്ല എന്നതുകൊണ്ട് അത് ഇല്ലാത്തതാണെന്ന് ഉറപ്പിക്കാവുന്നതോ അല്ല. എന്തുകൊണ്ടെന്നാൽ കാണുന്നതെല്ലാം സത്യമോ കാണാത്തതെല്ലാം അസത്യമോ ആയിരിക്കുന്നില്ല എന്നതാണ്. അതിനു ഉത്തമ ഉദാഹരണമാണ് നമ്മുടെ ഈ ശരീരവും അതിനെ താങ്ങിനിറുത്തിയിരിക്കുന്ന ജീവനും. പക്ഷേ നമ്മൾ എപ്പോഴും ശരീരത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ശരീരത്തിന്റെ സുഖത്തിനായിട്ടാണ് പ്രയത്നിക്കുന്നത്. ശരീരത്തെ സൗന്ദര്യമുള്ളതാക്കി വയ്‌ക്കാനാണ് ശ്രദ്ധിക്കുന്നത്. അതിനുവേണ്ടി എത്ര പണം ചെലവഴിക്കാനും നമുക്ക് മടിയില്ല. അപ്പോഴൊന്നും ഈ ശരീരത്തിന്റെ ത്രാണനം അഥവാ രക്ഷിക്കൽ നിർവഹിച്ചു കൊണ്ടിരിക്കുന്ന ജീവനക്കുറിച്ച് ഒരാളും ഓർക്കാറേയില്ല. വേരിന്റെ നീരിലാണ് മരം നിലനില്ക്കുന്നതെന്നതു പോലെ ജീവന്റെ നേരിലാണ് ശരീരം നിലകൊള്ളുന്നതെന്ന അറിവിനെ വിസ്മരിച്ചുകൊണ്ടാണു മനുഷ്യൻ ശരീരത്തെ അമിതമായി ലാളിക്കുന്നതും അതിനു തടസമായി ഭവിക്കുന്നതൊക്കെയും ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതും. ഇവിടെയെല്ലാം മനുഷ്യൻ ആവശ്യമില്ലാത്തതായ ഉപാധികളുടെ ഉപകരണമായിത്തീരുകയാണ് ചെയ്യുന്നത്.
ശരിയായ കാഴ്ചപ്പാട് ഉണ്ടാകാത്തവനാണു ഉപാധികളെ ആശ്രയിക്കുന്നത്. ഉപാധികൾക്ക് കീഴ്‌പ്പെട്ടു പോകുന്നവൻ ഒരു മൊബൈൺ ഫോണിന്റെ പ്രയോജനസാദ്ധ്യതകളറിയാതെ അതുപയോഗിക്കുന്നവനെപ്പോലെയാണ്. അതിനാൽ ശരിയായ കാഴ്ചപ്പാട് ജീവിതത്തിൽ സ്വരൂപിക്കുകയെന്നതാണ് പ്രധാനം. അതിനു വസ്തുനിഷ്ഠമായ വിവേകവും ആത്മനിഷ്‌ഠമായ ജ്ഞാനതൃഷ്‌ണയും ഒന്നിക്കണം. അതു വികലമായാൽ അല്ലെങ്കിൽ വെവ്വേറെയായാൽ കാണുന്നതൊന്നു ആ കാണുന്നതിൽ നിന്ന് അറിയുന്നതു മറ്റൊന്ന് എന്ന പരസ്പരബന്ധവും ബോധവുമില്ലാത്ത അവസ്ഥയായിപ്പോകും. ഇന്നു അത്തരമൊരവസ്‌ഥയാണ് ലോകത്തിൽ അധികമാളുകളുടെയും ജീവിതത്തിൽ കണ്ടുവരുന്നത്. ആത്മനിഷ്ഠയില്ലാത്ത വസ്തുബോധവും വിജ്ഞാനവുമായി ഭൗതികജീവിതത്തെ അങ്ങേയറ്റം അലങ്കരിക്കാൻ പരിശ്രമിക്കുകയാണ് അവർ. മഴയിൽ മറഞ്ഞു പോകുന്ന മണ്ണിലെ ചിത്രം പോലെ ഒരുനാൾ അഴിഞ്ഞു പോകുന്നതാണ് അവയെല്ലാമെന്നറിയുന്ന ഒരറിവിന്റെ ന്യൂനതയാണ് വസ്തുപ്രിയതയിലേക്ക് മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നത്.
എന്നാൽ ശരിയായ കാഴ്ചപ്പാടുള്ളവൻ ഒരലങ്കാരങ്ങളിലും ഭ്രമിക്കുകയില്ല. കാണുന്നതിൽ കാണേണ്ടതിനെ മാത്രം അവൻ കാണുന്നു. കേൾക്കുന്നതിൽ അറിയേണ്ടതിനെ മാത്രം അവൻ അറിയുന്നു. ഭൗതികസാഹചര്യങ്ങൾ അവനെ അലട്ടുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. സമ്പത്തിന്റെ ലാഭവും ലോപവും അവനു ഒരുപോലെയാണ്.
ഒരിക്കൽ സമ്പന്നനായ ഒരു പിതാവ് തന്റെ മകൻ നല്ല കാഴ്ചപ്പാടുള്ളവനായി വളരണം എന്ന ചിന്തയോടുകൂടി സാധുക്കളുമായി കൂടിക്കഴിയാൻ അവസരം നല്‌കാതെ സുഖസൗകര്യങ്ങൾ ധാരാളം നല്‌കിയും നക്ഷത്ര ഹോസ്‌റ്റലിൽ നിറുത്തി പഠിപ്പിക്കുകയും ചെയ്തു. എന്നാൽ അതെല്ലാം അവനെ അലസനും ആഡംബരപ്രിയനുമാക്കിത്തീർക്കാനേ ഉപകരിച്ചുള്ളൂ. അതു കണ്ടിട്ട് മകനെ ദാരിദ്ര്യം എന്തെന്നുകൂടി അറിയിക്കണമെന്ന് ആ പിതാവ് നിശ്ചയിച്ചു. അങ്ങനെ ഒരു ദിവസം അയാൾ മകനെയും കൂട്ടി ആ ഗ്രാമത്തിലെ വളരെ ദരിദ്രനായ ഒരു മീൻപിടുത്തക്കാരന്റെ കുടിലിലെത്തി. മകനെ കുറച്ചു ദിവസം അവിടെ താമസിപ്പിച്ചു. സ്വന്തം മകനെപ്പോലെ ആ മീൻപിടുത്തക്കാരൻ അവനെ തന്റെ കുടിലിലും തൊഴിലിലും ഒപ്പം കൂട്ടി. പിന്നീട് അവിടെനിന്നും മടങ്ങിയെത്തിയ മകനോട് പിതാവ് വാത്സല്യത്തോടെ അന്വേഷിച്ചു.
'ദാരിദ്ര്യമെന്തെന്ന് നിനക്കിപ്പോൾ മനസിലായോ?' ഉവ്വ് എന്ന് പറഞ്ഞ മകനോട് വീണ്ടും പിതാവ് ചോദിച്ചു. 'ദാരിദ്ര്യവും ധാരാളിത്തവും നീയറിഞ്ഞെങ്കിൽ ഇവയിൽ നിന്നും നീയെന്താണ് പഠിച്ചത് ?'
'കണ്ണാടിക്കൂട്ടിൽ വളർത്തുന്ന സ്വർണമത്സ്യത്തെപ്പോലെയാണ് ധാരാളിത്തം. എല്ലാമുണ്ടെങ്കിലും ഒന്നുമില്ലാത്തതു പോലെയാണത്. എന്നാൽ ദാരിദ്ര്യം ഒന്നുമില്ലെങ്കിലും എല്ലാമുള്ളതു പോലെയാണ്.'
താൻ പറഞ്ഞതിന്റെ പൊരുളെന്തെന്ന് പിതാവിനു മനസിലായില്ലെന്നു തോന്നിയ മകൻ ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞു 'കൂട്ടിൽ വളരുന്ന സ്വർണമത്സ്യത്തിന് പുഴയിൽ നീന്തിത്തുടിക്കുന്ന സാധാരണമത്സ്യത്തിന്റെ സ്വാതന്ത്ര്യമില്ലല്ലോ. മഴയും വെയിലുമേറ്റ് ഒഴുകുന്ന ആ പുഴവെള്ളത്തിൽ കൂട്ടമായിക്കഴിയുന്ന മത്സ്യത്തിന്റെ സുഖം കൂട്ടിൽ ഒറ്രയ്‌ക്കു വളരുന്ന മത്‌സ്യത്തിനു കിട്ടുമോ?'
ആ പിതാവ് നിശബ്ദനായി. താൻ ഇത്രകാലവും നല്‌കിയ ധാരാളിത്തത്തേക്കാൾ അവൻ ചുരുങ്ങിയ നാളനുഭവിച്ച ദാരിദ്ര്യമാണ് അവനു നേരായ പാഠവും കാഴ്‌ചപ്പാടും നല്‌കാൻ സഹായകമായത് എന്ന് അയാൾക്ക് ബോദ്ധ്യമായി. ഈ ബോദ്ധ്യം ഇന്നത്തെ എല്ലാ മാതാപിതാക്കൾക്കും ഉണ്ടാവേണ്ടതാണ്. ഇരുപതാം നൂറ്റാണ്ടിലെ സംഗീത ഇതിഹാസമായി മാറിയ ഗാരി റൈറ്റിന്റെ കാഴ്ചപ്പാട് മാറിയതെങ്ങനെയെന്ന് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ നിന്നറിയുക. " ഇന്ത്യാക്കാർ ധനമില്ലായ്മയിൽപ്പോലും എത്രമാത്രം സംതൃപ്തരും സന്തുഷ്‌ടരുമായിട്ടാണ് കഴിയുന്നതെന്നു ഞാൻ കണ്ടു. അത് എന്റെ കാഴ്ചപ്പാടുകളെ അപ്പാടെ മാറ്റിമറിച്ചു"
'മനുഷ്യനും മനുഷ്യനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നുള്ള അറിവാണ് ശരിയായ അറിവ് ' എന്ന ഗുരുവരുളിന്റെ തെളിച്ചമില്ലാത്ത ഒരു കാഴ്ചച്ചപ്പാടും നമ്മെ നാമാക്കുകയില്ല.