bihar-flood

പാറ്റ്ന: കഴിഞ്ഞ നാല് ദിവസത്തിനിടെ ബിഹാറിലും ഉത്തർ പ്രദേശിലുമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 80 പേർ മരണപ്പെട്ടു. ഇവിടുത്തെ പ്രദേശങ്ങളിൽ സാധാരണയിലും കവിഞ്ഞ മഴ ലഭിച്ചത് മൂലമാണ് വെള്ളപൊക്കം ഉണ്ടായത്. ഇരു സംസ്ഥാനങ്ങളിലെയും ഭൂരിഭാഗം ജില്ലകളിലും അതാത് സംസ്ഥാനത്തെ കാലാവസ്ഥാ വകുപ്പുകൾ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ പാറ്റ്ന ഉൾപ്പെടെയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് ബിഹാറിലും യു.പിയിലും. ബിഹാറിലെ റെയിൽ, റോഡ് ഗതാഗതം ഏതാണ്ട് പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. മഴക്കെടുതി വിലയിരുത്താൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തന്റെ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ്, ജമ്മു കാശ്‌മീർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത മഴ മൂലം അനേകം മരണങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.