ന്യൂഡൽഹി: ജനങ്ങളെ വലച്ച് കൊണ്ട് രാജ്യത്ത് ഉള്ളിവില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഉള്ളിവില നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഉള്ളി കയറ്റുമതി നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ചെറിയുള്ളി, വെളുത്തുള്ളി എന്നിങ്ങനെ എല്ലാ ഇനത്തിൽപ്പെട്ട ഉള്ളിക്കും ഈ നിരോധനം ബാധകമാണ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. കഴിഞ്ഞ വർഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ വില.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 80 ശതമാനത്തോളമാണ് വില കൂടിയത്. സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം നൽകുന്നത്. കനത്ത മഴ മൂലം മഹാരാഷ്ട്രിയിലെയും കർണ്ണാടകയിലെയും കൃഷിയിടത്തിൽ വെള്ളം കയറിയതാണ് ഉള്ളിയുടെ വില ഇത്രയും വർദ്ധിക്കാൻ കാരണമായത്.