ന്യൂഡൽഹി: ഉത്സവക്കാലത്ത് ഉപഭോക്താക്കളെ ആകർഷിക്കാൻ ഇതുവരെ കാണാത്ത ആനുകൂല്യങ്ങളുടെ വാഹനക്കമ്പനികൾ രംഗത്ത്. എക്സ്ചേഞ്ച് സ്കീമുകൾ, കോമ്പറ്റീറ്റിവ് ഫിനാൻസിംഗ്, ക്യാഷ് ബെനിഫിറ്റുകൾ എന്നിവയാണ് വാഹന നിർമാണ കമ്പനികൾ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്തിരിക്കുന്നത്.
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി 'ഹോണ്ട ഫെസ്റ്റിവൽ ധമാക്ക' ഓഫർ പുറത്തിറക്കിയിട്ടുണ്ട്. ആകർഷകമായ റീട്ടെയിൽ ഫിനാൻസ് പദ്ധതിയാണ് ഇതിന്റെ പ്രത്യേകത. ഫിനാൻസ് സ്കീം ലഭ്യമാക്കുന്നവർക്ക് 11,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ഈ സീസണിൽ ഓഫർ ചെയ്യുന്ന പദ്ധതികൾ മികച്ചതാണെന്നും എന്നാൽ നല്ല വിൽപ്പന പ്രതീക്ഷിച്ച് കമ്പനികൾ ഉത്പാദനം വർദ്ധിപ്പിച്ച കഴിഞ്ഞ വർഷത്തെ മൂല്യവുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും വാഹന ഡീലർമാർ പറയുന്നു. വാഹന ഷോറൂമിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുക എന്നതായിരുന്നു കഴിഞ്ഞ വർഷം വാഹനനിർമാതാക്കൾ പയറ്റിയ തന്ത്രം.
വാഹനങ്ങൾ വേഗത്തിൽ തന്നെ വിറ്റഴിക്കപ്പെടുമെന്ന് വ്യവസായം പ്രതീക്ഷിച്ചിരുന്നു. ഇതുകാരണം ഓഫറുകളും ഡിസ്‌കൗണ്ടുകളും വേണ്ടത്ര ആകർഷകമായില്ല. ഇൻഷുറൻസ് പോളിസിയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ, ഐ.എൽ ആൻഡ് എഫ്.എസ് എന്നിവയാണ് വാഹന രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്, ശരാശരിയിൽ താഴെയുള്ള മൺസൂൺ വിൽപ്പനയും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇത് വാഹന മേഖലയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. ഇന്ത്യൻ വാഹന വിപണിയിൽ ഈ സാമ്പത്തിക വർഷത്തിൽ ഉപഭോഗം ചുരുങ്ങുകയും ഉത്പാദനം താഴേക്ക് പോകുകയുമാണ് ചെയ്തത്. ഇതിനെ തുടർന്ന് വാഹന വിൽപ്പന കൂട്ടി കരകയറാനുള്ള വാഹന നിർമാതാക്കളുടെ അവസാന മാർഗമാണ് ഇത്.