തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷിന്റെ സ്ഥാനാർത്ഥിത്വത്തെ അനുകൂലിച്ച് മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. എസ്.സുരേഷിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം താൻ ശിരസാ വഹിക്കുന്നുവെന്നും കുമ്മനം അറിയിച്ചു. അങ്ങേയറ്റം അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനായ താൻ അങ്ങേയറ്റം സന്തോഷത്തോടെ എസ്.സുരേഷിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്ത് ത്യാഗം സഹിച്ചായാലും സുരേഷിന്റെ വിജയത്തിനായി താൻ പ്രവർത്തിക്കുമെന്നും കുമ്മനം രാജശേഖരൻ അറിയിച്ചു.
അതേസമയം, കേന്ദ്ര നേതൃത്വം തന്നെ ഒരു ചുമതല ഏൽപ്പിച്ചിരിക്കുകയാണെന്നും ആ ചുമതല ഭംഗിയായി പൂർത്തീകരിക്കാൻ സാധിക്കുമെന്നും വട്ടിയൂർക്കാവിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധിക്കുമെന്നും കുമ്മനം രാജശേഖരനോടൊപ്പമുണ്ടായിരുന്ന എസ്. സുരേഷ് പ്രതികരിച്ചു. കുമ്മനം രാജശേഖരനെ പോലെ ഒരു സമുന്നതനായ വ്യക്തിത്വം വട്ടിയൂർക്കാവിൽ വരണം എന്നാണ് താനുൾപ്പെടെയുള്ളവർ ആഗ്രഹിച്ചതെന്നും പാർട്ടിയുടെ കേന്ദ്ര നേതൃത്വം വട്ടിയൂർക്കാവിന്റെ ചില സാഹചര്യങ്ങളും മറ്റ് മാനദണ്ഡങ്ങളും നോക്കിയാണ് തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതെന്നും എസ്.സുരേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം വരെ വട്ടിയൂർക്കാവിൽ കുമ്മനം തന്നെ രംഗത്തിറങ്ങുമെന്ന് ശക്തമായ വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കുമ്മനം മത്സരിക്കാൻ സന്നദ്ധനാണെന്ന് മുതിർന്ന നേതാവ് ഒ.രാജാഗോപാലും ഇന്നലെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ബി.ജെ.പിയ്‌ക്കുള്ളിലെ അസ്വാരസ്യങ്ങൾ കാരണം തീരുമാനം നീളുകയായിരുന്നു.