ന്യൂഡൽഹി: മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വിഷൻ 2030ന്റെ ഭാഗമായി ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. 100 ബില്യൺ യു.എസ് ഡോളറിന്റെ( 7.05 ലക്ഷം കോടി) നിക്ഷേപം നടത്താനാണ് എണ്ണ കയറ്റുമതിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യമായ സൗദിയുടെ പദ്ധതി.
ഇന്ത്യയുടെ വളർച്ചയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് അടിസ്ഥാന സൗകര്യ വികസനം, ഖനനം, പെട്രോകെമിക്കൽ എന്നീ മേഖലകളിലാണ് പണം നിക്ഷേപിക്കുന്നത്. രാജ്യത്തെ ഊർജ്ജ ഉപഭോഗത്തിന് 17 ശതമാനം ക്രൂഡ് ഓയിലും 32 ശതമാനം എല്‍പിജിയും നല്‍കുന്നത് സൗദി അറേബ്യയാണ്. ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കുകയെന്നതാണ് ഇതിലൂടെ സൗദി ലക്ഷ്യം വയ്ക്കുന്നത്. 2016 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിയാദ് സന്ദര്‍ശിച്ചത് ബന്ധം ശക്തമാക്കിയിരുന്നു.