patna-

പാട്ന, ലക്‌നൗ: യു.പിയിലും ബീഹാറിലും ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 86 ആയി. കിഴക്കൻ ഉത്തർപ്രദേശിലും പാട്നയുൾപ്പെടെയുള്ള ബീഹാറിലെ പ്രദേശങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ബീഹാറിൽ കനത്ത മഴയെ തുടർന്ന് പാട്ന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഇവിടത്തെ റോഡ്, റെയിൽ ഗതാഗതങ്ങളും താറുമാറിലായി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീഡിയോ കോൺഫറൻസിംഗ് വഴി സ്ഥിതിഗതികൾ വിലയിരുത്തി. ഉത്തരാഖണ്ഡ്, ജമ്മുകാശ്മീർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്. ഇവിടങ്ങളിലും നിരവധിപേർ മരിച്ചു.

യു.പിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 73 ഉം ബീഹാറിൽ 23 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നും നാളെയുംകൂടി ഉത്തർപ്രദേശിൽ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച റെക്കാഡ് മഴയാണ് ഉത്തർപ്രദേശിൽ പെയ്തത്. സാധാരണയിലും 1700 മടങ്ങ് അധികം. ദുരിത ബാധിതർക്ക് അടിയന്തര സഹായം നൽകാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡിവിഷണൽ കമ്മിഷണർമാർക്കും ജില്ലാ മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ വീതം നൽകാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

പാട്നയിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് നാല് മരണങ്ങളാണ്. ദേശീയ ദുരന്തനിവാരണസേനയുടെ 18 സംഘങ്ങൾ ബീഹാറിലെത്തി. 13 ഓളം ട്രെയിനുകളാണ് ബീഹാറിൽ റദ്ദാക്കിയത്. പാട്നയിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറി. രാജേന്ദ്ര നഗർ, എസ്.കെ പുരി എന്നിവിടങ്ങളിലാണു മഴ കൂടുതൽ ബാധിച്ചിരിക്കുന്നതെന്നു ജില്ലാ മജിസ്ട്രേട്ട് രവികുമാർ മാദ്ധ്യമങ്ങളോടു പറഞ്ഞു. ബീഹാറിൽ പ്രളയ സമാനമായ സാഹചര്യം ഉണ്ടായ പ്രദേശങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലുമായി ആറ് പേർ കനത്ത മഴയെത്തുടർന്ന് മരിച്ചു. ജമ്മുകാശ്മീരിലും ഒരാൾ മരിച്ചു.