neet-exam-fraud

ചെന്നൈ: നീറ്റ് പരീക്ഷ പകരക്കാരെ ഉപയോഗിച്ച് എഴുതിക്കടന്ന്‌ എം.ബി.ബി.എസിന് പ്രവേശനം നേടിയ കേസിൽ മലയാളികൾ ഉൾപ്പെടെ ഒൻപത് പേരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് സി.ഐ.ഡി അറസ്റ്റ് ചെയ്‌തു.

ചെന്നൈ ശ്രീബാലാജി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയ തൃശൂർ സ്വദേശി രാഹുൽ, പിതാവ് ഡേവിസ്‌, പകരക്കാരനെ വച്ച് പരീക്ഷ എഴുതാൻ ഇടനിലക്കാരനായി പ്രവർത്തിച്ച ജോർജ് ജോസഫ് എന്നിവരാണ് അറസ്റ്റിലായ മലയാളികൾ. ജോർജ് ജോസഫിനെ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും മറ്റുള്ളവരെയെല്ലാം ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ജോർജ് ജോസഫ് വഴി 20 ലക്ഷം രൂപ കൈമാറിയതായി രാഹുലും ഡേവിസും മൊഴി നൽകി.

റഷീദ് എന്ന മറ്റൊരു മലയാളിക്കും തട്ടിപ്പിൽ പങ്കുള്ളതായി സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

ചെന്നൈ ശ്രീ സത്യസായി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി അഭിരാമി, അച്ഛൻ മാധവൻ, എസ്. ആർ. എം. മെഡിക്കൽ കോളേജ് വിദ്യാർത്ഥി പ്രവീൺ, അച്ഛൻ എ. കെ. എസ് ശരവണൻ, തേനി സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി ഉദിത് സൂര്യ, പിതാവും ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിലെ ഡോക്ടറുമായ ഡോ. വെങ്കടേശ്വരൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഉദിത് സൂര്യയെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്. ഉദിത് സൂര്യയെയും പിതാവിനെയും കോടതി റിമാൻഡ് ചെയ്‌ത് ജയിലിലടച്ചു.

ഉദിത് സൂര്യയ്‌ക്ക് വേണ്ടി പിതാവിൽ നിന്ന് ജോർജ് ജോസഫ് 20 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികളും 20 ലക്ഷം രൂപയ്ക്കാണ് കരാർ ഉറപ്പിച്ചിരുന്നത്.

ഉദിത്‌ സൂര്യയ്‌ക്കു വേണ്ടി മുംബയിലും മറ്റ് മൂന്നു വിദ്യാർത്ഥികൾക്കു വേണ്ടി ഡൽഹിയിലും ഉത്തർപ്രദേശിലുമാണ് പകരക്കാരൻ പരീക്ഷ എഴുതിയതെന്ന് റിപ്പോർട്ടുണ്ട്.

അതിനിടെ, ഉദിത് സൂര്യയ്‌ക്ക് വേണ്ടി രണ്ട് ഫാക്കൽട്ടി അംഗങ്ങൾ അറ്റൻഡൻസ് രജിസ്റ്ററിൽ തിരിമറി കാട്ടിയതായി തേനി സർക്കാർ മെഡിക്കൽ കോളേജ് ഡീൻ എ. കെ. രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി. തട്ടിപ്പ് വെളിപ്പെടുത്തിയതിനാൽ തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പൊലീസ് സംരക്ഷണവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. .

ആൾമാറാട്ടം ഇങ്ങനെ

'​നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കു​ള്ള​ ​അ​പേ​ക്ഷ​യി​ൽ​ ​ഫോ​ട്ടോ​ ​അ​പ​ര​ന്റേ​താ​യി​രി​ക്കും

​മ​റ്റ് ​വി​വ​ര​ങ്ങ​ളെല്ലാം​ ​യ​ഥാ​ർ​ത്ഥ​ ​വി​ദ്യാ​ർ​ത്ഥി​യു​ടേ​തായിരിക്കും

ഫോട്ടോ ശരിയായതിനാൽ അപരന് അനായാസം ​ഹാ​ളി​ൽ​ ​കയറാം

​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​എ​ഴു​തി​ ​ത​ഴ​ക്ക​​മു​ള്ള​ ​മി​ടു​ക്ക​ന്മാ​രാ​യി​രി​ക്കും​ ​അ​പ​ര​ന്മാ​ർ

അവർക്ക് ന​ന്നായി പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ക​ഴി​യും.​

പരീക്ഷയ്‌ക്ക് ഉയർന്ന റാങ്ക് കിട്ടും

യഥാർത്ഥ വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാതെ പ്രവേശനം ഉറപ്പ്