king-salman-body-guard-

ജിദ്ദ: സൽമാൻ രാജാവിന്റെ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം സുഹൃത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ജിദ്ദയിലെ റെഡ് സീ സിറ്റിയിൽ സുഹൃത്ത് അൽ സ്തബ്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ എത്തിയ മറ്റൊരു സുഹൃത്ത് മൻദൂബ് മിൻ മിശ്അൽ ആണ് വെടിയുതിർത്തത്. സുഹൃത്തുക്കൾക്കിടയിലെ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. സൗദി സ്റ്റേറ്റ് ടി.വിയാണ് ഫഗ്ഹാമിന്റെ കൊലപാതകവിവരം ആദ്യം പുറത്തുവിട്ടത്.

തർക്കത്തിനിടയിൽ വീട്ടുജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശി ജിഫ്രീ ദാൽവിനോക്കും മറ്റൊരു സൗദി സ്വദേശിക്കും പരിക്കേറ്റു. സംഭവമറി‌ഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഫഗ്ഹാമിന് നേരെ വെടിയുതിർത്ത സുഹൃത്ത് മൻദൂബും കൊല്ലപ്പെട്ടു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അബ്ദുല്ല രാജാവിന്റെ അംഗരക്ഷകനായിരുന്ന മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം പിന്നീട് സൽമാൻ രാജാവിന്റെയും പ്രൈവറ്റ് ഗാർഡ് ആയി ചുമതലയേൽക്കുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡ് ആണ് അബ്ദുൽ അസീൽ അൽ ഫഗ്ഹാം. മയ്യത്ത് നമസ്കാരം ഇന്നലെ രാത്രി മക്ക ഹറമിൽ നടന്നു. അബ്ദുള്ള രാജാവിനൊപ്പം നിൽക്കുന്ന അൽ ഫഗ്ഹാമിന്റെ ചിത്രങ്ങളടക്കം സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചാണ് സൗദി ജനത അദ്ദേഹത്തോട് ആദരം പ്രകടിപ്പിച്ചത്.